മോശം ക്ലയന്റുകൾക്കും ശമ്പളമില്ലാത്ത അധിക ജോലികൾക്കും വിരസമായ പാർട്ടികൾക്കും തന്റെ കമ്പനിയിൽ സ്ഥാനമില്ലെന്ന് ചണ്ഡീഗഡ് സ്വദേശിയായ ഇരുപത്തഞ്ചുകാരൻ ജൻസി സംരംഭകൻ പ്രഥം ജിൻഡാൽ. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം താൻ കമ്പനിയിൽ പിന്തുടരുന്ന പുതിയ തൊഴിൽ സംസ്കാരത്തെക്കുറിച്ച് വ്യക്തമാക്കിയത്. ജീവനക്കാരുടെ താത്പ്പര്യങ്ങൾക്കും സുതാര്യതയ്ക്കും മുൻഗണന നൽകുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.
ജീവനക്കാർ തങ്ങളുടെ അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടി വന്നാൽ, സാധാരണ നൽകുന്നതിന്റെ ഇരട്ടി ശമ്പളം നൽകും.ജീവനക്കാർക്ക് തന്നെ പരസ്യമായി കളിയാക്കാനും വിമർശിക്കാനുമുള്ള അവസരങ്ങൾ പ്രഥം ഒരുക്കുന്നുണ്ട്. ഇതിനായി പ്രത്യേക സെഷനുകളും നടത്താറുണ്ട്. കമ്പനിയുടെ സാമ്പത്തിക കണക്കുകൾ ജീവനക്കാരുമായി വളരെ സുതാര്യമായി ചർച്ച ചെയ്യാറുണ്ട്.
ജീവനക്കാർക്കായി മാസാന്ത്യ പാർട്ടികൾ വലിയ തുക ചെലവഴിച്ചുകൊണ്ട് ഗൗരവത്തോടെയാണ് അദ്ദേഹം സംഘടിപ്പിക്കുന്നത്. മോശമായി പെരുമാറുന്ന ക്ലയന്റുകളെ ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കില്ല. ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ക്ലയന്റുകളെ ഒഴിവാക്കാനാണ് പ്രഥം മുൻഗണന നൽകുന്നത്.
റവന്യൂ നേട്ടത്തിന് പുറമെ നല്ലൊരു തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഥം ജിൻഡാൽ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് ഈ പുതിയ തൊഴിൽ ശൈലിയെ അനുകൂലിച്ചും പ്രശംസിച്ചും രംഗത്തെത്തിയിരിക്കുന്നത്.
