തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ യുഡിഎഫ് കൺവീനറുടെ പരസ്യവിമർശനത്തിൽ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയുള്ള വിമർശനത്തിൽ സതീശൻ ചേരിയിൽ വലിയ അമർഷമാണുയരുന്നത്. എം.കെ. മുനീറിന്റെ പദവിയിൽ നേരത്തെ ധാരണയുണ്ടായിട്ടും അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് വിമർശനം. അതേസമയം മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന പരാതി അടൂർ പ്രകാശിന് മാത്രമല്ല ഉള്ളത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നാലാം മാസത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരെ മുന്നണി കണ്‍വീനറിൽനിന്ന് പരസ്യവിമര്‍ശനം ഉയരുകയാണുണ്ടായത്. പാര്‍ട്ടിയിൽ പറയേണ്ടത് പരസ്യമായി പറയില്ലെന്ന് പ്രതികരിച്ച എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വാക്കുകളിലും അതൃപ്തിയുടെ സൂചനയുണ്ട്. അഭിപ്രായം പറയേണ്ട ചില കാര്യങ്ങളാണ് നടക്കുന്നതെന്ന് യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബെഹ്നാനും പറഞ്ഞു.
കൂടിയാലോചനയില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നു, ചര്‍ച്ചകളിൽ പങ്കാളിത്തമില്ല, യുഡിഎഫ് യോഗം വിളിക്കുന്നില്ല, സുതാര്യതയില്ല തുടങ്ങിയവയാണ് പരസ്യവിമര്‍ശനങ്ങള്‍. വാക്കാൽ മാധ്യമങ്ങളോട് പറഞ്ഞത് കത്തിലൂടെ അടൂര്‍ പ്രകാശ് എഐസിസിയെ അറിയിക്കും. കണ്‍വീനര്‍ സ്ഥാനത്ത് ഇനി തുടരണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടയെന്നാണ് പ്രകാശിന്റെ നിലപാട്.
