കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ സുരക്ഷാവീഴ്ച ആരോപിച്ച് ബിജെപി ഗവർണർ രാജേന്ദ്ര ആർലേക്കറിന് നിവേദനം നൽകി. ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എസ്. സുരേഷ്, ഷോൺ ജോർജ് എന്നിവരടങ്ങിയ സംഘമാണ് ഗവർണറെ സന്ദർശിച്ച് നിവേദനം നൽകിയത്.
അമിത് ഷായുടെ വാഹനവ്യൂഹത്തിന് സമീപം പ്രതിഷേധക്കാർ എത്തിയ സംഭവം ഗൗരവമായി അന്വേഷിക്കണം. ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. അമിത് ഷായെ ലക്ഷ്യമിട്ട് നടന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്ന ഗുരുതര ആരോപണവും പി.കെ. കൃഷ്ണദാസ് ഉന്നയിച്ചു. പ്രതിഷേധത്തിന് നിർദേശം നൽകിയതായി മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ ഭരണഘടനാപരമായ നടപടി സ്വീകരിക്കണമെന്നും മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നും ഗവർണറോട് ആവശ്യപ്പെട്ടതായി കൃഷ്ണദാസ് പറഞ്ഞു. അതേസമയം സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന ബിജെപിയുടെ ആരോപണം പൊലിസ് നിഷേധിച്ചിട്ടുണ്ട്. അമിത് ഷായുടെ വാഹനവ്യൂഹത്തിന് ഒരു സെക്കൻഡ് പോലും തടസമുണ്ടായില്ല.
പ്രതിഷേധക്കാരെ വാഹനവ്യൂഹം എത്തുന്നതിന് മുമ്പ് തന്നെ മാറ്റിയെന്നും പൊലിസ് വിശദീകരിച്ചു. കഴിഞ്ഞ 26ന് കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് വാഹനവ്യൂഹത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാണിച്ചത്.
