ഇരിട്ടി : കേരളത്തിൽ ഓപ്പറേഷൻ തൂഫാൻ ലഹരിവേട്ട ശക്തമാക്കിയതോടെ കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘങ്ങൾ പുതിയ മാർഗങ്ങൾ സ്വീകരിക്കുന്നതായി സൂചന. പരിശോധ ശക്തമാക്കിയതോടെ ലഹരി സംഘത്തിലെ പ്രമുഖർ എല്ലാംതന്നെ കേരളത്തിന് പുറത്ത് ബംഗളുരു ഉൾപ്പെടെ വൻനഗരങ്ങളിലേക്ക് നീങ്ങിയെന്നാണ് സൂചന.
പൊലിസിനും എക്സൈസിനും ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന വാഹന പരിശോധനയിൽ പോലും മയക്കുമരുന്ന് പിടികൂടാൻ കഴിയുന്നില്ല. കർണാടകയിൽ നിന്നുമാണ് കൂടുതലായും എംഡിഎംഎ എത്തുന്നത്.
അതുകൊണ്ട് തന്നെ കർണാടക അതിർത്തി ചെക്ക്പോസ്റ്റുകളിൽ പൊലിസിന്റെയും എക്സൈസിന്റെയും പരിശോധന ശക്തമാണ്. ഇതിനെ മറികടക്കാനാണ് സംഘങ്ങളുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസം കൂട്ടുപുഴയിൽ പൊലിസിനും എക്സൈസിനും വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
വാഹനത്തിൽ ഉണ്ടായിരുന്നവരുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പടെ പരിശോധിക്കുമ്പോൾ രഹസ്യ വിവരം ശരിയായിരുന്നെങ്കിലും ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്താൻ കഴിയാത്തത് സംഘം പുതിയ മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ തെളിവായി പൊലിസും എക്സൈസും കരുതുന്നു.
ഇടക്ക് വച്ച് സംഘം വാഹനം മാറുന്നതായും അധികൃതർ സംശയിക്കുന്നുണ്ട്. പൊതു ഗതാഗത സംവിധാനം ഉപയോഗിച്ച് ലഹരി കടത്തുന്ന ഇടനിലക്കാരെ ഉപയോഗിച്ചും പുതിയ മാർഗങ്ങൾ ഇവർ സ്വീകരിക്കുന്നതായി നേരത്തെ തന്നെ പൊലിസും എക്സൈസും കണ്ടെത്തിയിരുന്നു. അതിർത്തിയിൽ നിന്നും നടന്നുവരുന്നവരുടെ കൈവശവും ലോറി ഉൾപ്പെടെ വാഹനങ്ങളിൽ കയറിവരുന്നവരുടെ കൈവശവും ലഹരി കേരളത്തിലേക്ക് എത്തിക്കുന്നതായി സംശയിക്കുന്നുണ്ട്.
പഴം പച്ചക്കറി ഉൾപ്പെടെ ലോഡുമായി എത്തുന്ന വലിയ വാഹനങ്ങളിൽ പരിശോധന നടത്തുക പ്രയോഗികമായി ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരം വാഹനങ്ങളിൽ വളരെ ചെറിയ പാക്കറ്റിൽ ഒളിപ്പിച്ചിരിക്കുന്ന എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കൾ കണ്ടെത്തുകയും ദുഷ്കരമാണ്. എങ്കിലും ലഹരി സംഘത്തിന്റെ പുതിയ മാർഗങ്ങൾ അന്വേഷിച്ച് കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലിസും എക്സൈസും.
