മഹാരാഷ്ട്രയിൽ ശുചിത്വമില്ലാത്ത ഹോട്ടലുകൾക്കും ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങൾക്കും എതിരെ കർശന നടപടിയെടുത്ത് ശ്രദ്ധേയനായ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ തുക്കാറാം മുണ്ഡെ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ആഗോള ദിനപ്പത്രമായ ‘ദി ന്യൂയോർക്ക് ടൈംസ്’ തങ്ങളുടെ മുൻപേജിലാണ് തുക്കാറാം മുണ്ഡെയെക്കുറിച്ചുള്ള വാർത്ത നൽകിയിരിക്കുന്നത്.
“ഇന്ത്യയിൽ ഒരു ഫുഡ് ഇൻസ്പെക്ടർ റോക്ക് സ്റ്റാറാണ്”എന്ന ആകർഷകമായ തലക്കെട്ടോടെയാണ് ന്യൂയോർക്ക് ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചത്. “ഭക്ഷണപ്രിയർ ഇദ്ദേഹത്തെ ആരാധിക്കുന്നു, റെസ്റ്റോറന്റ് ഉടമകൾ ഭയക്കുന്നു” എന്നും പത്രം വിശേഷിപ്പിക്കുന്നു.
ഭക്ഷണശാലകൾ, വെയർഹൗസുകൾ, ക്വിക്-കൊമേഴ്സ് ഡാർക്ക് സ്റ്റോറുകൾ എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകളിലൂടെയാണ് “ഐഎഎസ് സിംഗം” എന്ന് അറിയപ്പെടുന്ന മുണ്ഡെ ജനശ്രദ്ധ നേടിയത്. സെലിബ്രിറ്റി പദവിയിലേക്ക് ഉയർന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ ഭക്ഷണ ബിസിനസുകളെയും വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.
“നല്ല ഭരണം എന്നത് വാർത്തകളിൽ നിറഞ്ഞുനിൽക്കാനല്ല, മറിച്ച് മാറ്റങ്ങൾ ഉണ്ടാക്കാനാണ്. ഭക്ഷണം സുരക്ഷിതമാക്കുക എന്നത് ജനങ്ങളെ സംരക്ഷിക്കുന്നതിനും നിലവാരം പുലർത്തുന്നതിനും പൊതുജനവിശ്വാസം വളർത്തുന്നതിനുമുള്ളതാണ്. നിയമനടപടികൾ ഭയമില്ലാതെയും തുല്യമായും കൃത്യമായും നടപ്പിലാക്കുമ്പോൾ സ്ഥാപനങ്ങൾ വിശ്വാസ്യത നേടുകയും വ്യവസ്ഥിതി പ്രവർത്തിക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്യും എന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ട് തുക്കാറാം മുണ്ഡെ എക്സിൽ കുറിച്ചു.
മഹാരാഷ്ട്ര എഫ്ഡിഎ കമ്മീഷണറായി ചുമതലയേറ്റതുമുതൽ നിരവധി സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും താത്കാലികമായി അടച്ചുപൂട്ടാനും അദ്ദേഹം ഉത്തരവിട്ടു.ക്വിക്-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ ഡാർക്ക് സ്റ്റോറുകളിൽ നടത്തിയ റെയ്ഡുകളിൽ പല്ലി, പാറ്റ, കാലാവധി കഴിഞ്ഞ ഭക്ഷണപദാർഥങ്ങൾ എന്നിവ കണ്ടെത്തിയതിനെ തുടർന്ന് നടപടിയെടുത്തു.
നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് മുംബൈയിലെ പ്രശസ്തമായ പല പാരമ്പര്യ ഭക്ഷണശാലകൾക്കും താത്കാലിക ലൈസൻസ് റദ്ദാക്കൽ നേരിടേണ്ടി വന്നു. ഭക്ഷണശാല ഉടമകൾക്ക് ഇദ്ദേഹത്തിന്റെ കർശന നിലപാടുകൾ വെല്ലുവിളിയാകുമ്പോഴും, ശുചിത്വത്തിലും ഭക്ഷ്യസുരക്ഷയിലും ആശങ്കയുള്ള സാധാരണക്കാരായ ജനങ്ങൾക്കിടയിൽ തുക്കാറാം മുണ്ഡെ വലിയ പിന്തുണയാണ് നേടുന്നത്.

