അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യയും യുഎസ് രണ്ടാം പ്രഥമ വനിതയുമായ ഉഷ വാൻസ്, കൈക്കുഞ്ഞുമായി ഹെലികോപ്റ്ററിൽ നിന്നിറങ്ങവെ കാലിടറി വീഴാൻ ആഞ്ഞു. ഒൻപത് ആഴ്ച മാത്രം പ്രായമുള്ള മകൻ അലക് നീൽ വാൻസിനെ ശരീരത്തോട് ചേർത്തുവെക്കുന്ന ബേബി കരിയറിൽ ചുമന്നുകൊണ്ട് വരികെയാണ് ഈ അപകടകരമായ നിമിഷം ഉണ്ടായത്.
മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ തിങ്കളാഴ്ചയാണ് സംഭവം. ഹെലികോപ്റ്ററിന്റെ പടവുകൾ ഇറങ്ങുന്നതിനിടെ താഴത്തെ പടിയിൽ കാൽ തെറ്റിയ ഉഷ, വേഗത്തിൽ കൈവരിയിൽ പിടിച്ച് സ്വയം ബാലൻസ് ചെയ്യുകയായിരുന്നു. തുടർന്ന് മകന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ഉഷയ്ക്ക് പിന്നാലെ നാല് വയസുകാരിയായ മകൾ മിറാബെലിനെയും എടുത്തുകൊണ്ട് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും താഴേക്കിറങ്ങി. എന്നാൽ ഭാര്യയ്ക്ക് കാൽവഴുതിയത് അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. തുടർന്ന് കുടുംബം ഒന്നായി അലാസ്കയിലേക്ക് പോകുന്നതിനായി കാത്തിരുന്ന പ്രത്യേക വിമാനത്തിലേക്ക് നടന്നുനീങ്ങി.
സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവസമയത്ത് അടുത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരോ ഉദ്യോഗസ്ഥരോ ഉഷയെ സഹായിക്കാൻ മുന്നോട്ടുവന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.
വരാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡെമോക്രാറ്റിക് സ്ഥാനാർഥി മേരി പെൽറ്റോളയ്ക്കെതിരെ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ സള്ളിവന് വേണ്ടി പ്രചാരണം നടത്താനാണ് വാൻസും കുടുംബവും അലാസ്കയിലേക്ക് തിരിഞ്ഞത്.
