ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഇന്ത്യാ സഖ്യ എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആകാശവാണി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ നേതാക്കളും എംപിമാരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബാരിക്കേഡ് മറികടക്കാൻ എസ്പി എംപിമാർ ശ്രമിച്ചതോടെ പൊലിസുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ബിജു ജനതാദൾ നേതാക്കളും അഖിലേഷ് യാദവും പ്രതിഷേധത്തിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ തുടങ്ങിയ നേതാക്കളും പങ്കെടുക്കുന്നുണ്ട്.
മാർച്ച് കണക്കിലെടുത്ത് ഡൽഹിയിൽ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടുമ്പോൾ അമിത ബലപ്രയോഗം ഒഴിവാക്കണമെന്ന് പൊലിസിന് നിർദേശം നൽകിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമരം കൂടുതൽ വ്യാപിക്കുകയാണ്.
ഇന്നലെ രാജ്യതലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്ന് കോൺഗ്രസും ഇന്ത്യാ സഖ്യവും നേരിട്ട് നേതൃത്വം ഏറ്റെടുത്തതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്.
ലീ സീ ബെന്‍ ആത്മഹത്യചെയ്തിട്ട് ഇരുപതു വര്‍ഷങ്ങള്‍; ഗ്യാനേഷിനെതിരായ പ്രതിഷേധവും അന്വേഷണവും ലീ സീ ബെന്നിന് നീതിയാകുമോ..?
” ചെയ്തതിനൊക്കെയും നന്ദി, ഇനി ഞാന്‍ മരിക്കട്ടെ. ഈ കടുത്ത സമ്മര്‍ദം താങ്ങാന്‍ വയ്യ. ഇനി കേരളത്തിലേക്കില്ല. അവിടത്തെ ഉദ്യാഗസ്ഥരുമായി ജോലി ചെയ്യുക ശ്രമകരമാണ്.”
ഇങ്ങനെ എഴിതിവച്ചിട്ടാണ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് റോഡ് നിർമ്മാണ പദ്ധതിയുടെ ചീഫ് പ്രോജക്ട് മാനേജരായിരുന്ന മലേഷ്യൻ എഞ്ചിനീയർ ലീ സി ബെൻ, മലേഷ്യയിലെ സുബാങ് റിയ പാര്‍ക്കിലെ തടാകത്തിനു സമീപത്തെ ഇരുമ്പു നടപ്പാലത്തിന് കീഴില്‍ ജീവിതം അവസാനിപ്പിച്ചതെങ്കിലും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളൊന്നും അധികം മുന്നോട്ടു പോയിട്ടില്ല. കെ.എസ്.ടി.പി പദ്ധതിയുമായി ബന്ധപ്പെട്ട് മലേഷ്യൻ കമ്പനിയായ ‘പതി-ബെൽ’ കൺസോർഷ്യത്തിന് റോഡ് നിർമ്മാണത്തിനുള്ള തുക കൈമാറുന്നതിൽ ഉദ്യോഗസ്ഥർ മനപ്പൂർവ്വം കാലതാമസം വരുത്തുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തതിന്റെ സമ്മർദ്ദം താങ്ങാനാവാതെയാണ്, 2006 നവംബറിൽ മലേഷ്യയിൽ വച്ച് ലീ സി ബെൻ ജീവനൊടുക്കിയത്. കേരളത്തില്‍ അദ്ദേഹത്തിനുണ്ടായ കടുത്ത മാനസിക സമ്മര്‍ദമാണ് മരണത്തിലേക്കു നയിച്ചതെന്ന് മലേഷ്യന്‍ പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രണ്ടു കത്തുകള്‍ എഴുതിവച്ചിട്ടാണ് അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്. അതിലൊന്ന് പതിബെല്‍ കമ്പനി മേധാവി റോസ് ലീയോട് ക്ഷമാപണം നടത്തിക്കൊണ്ടുള്ളതും രണ്ടാമത്തേത് സ്വന്തം കുടുംബത്തിനുള്ളതുമായിരുന്നു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി ആരോപണങ്ങൾ കത്തുകളിലുണ്ടായിരുന്നു. ഇതിനു പുറമെ സര്‍ക്കാരുമായി കത്തു മുഖേനയും അല്ലാതെയും അദ്ദേഹം നടത്തിയ ഔദ്യോഗിക ഇടപാടുകളിലും അഴിമതിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയിരുന്നതാണ്.
കേരളത്തില്‍ പദ്ധതികള്‍ നടപ്പാക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന ധാരണയില്ലാതെയാണ് ലീ സീ ബെന്‍ ഇങ്ങോട്ടെത്തുന്നത്. മരിക്കുന്പോൾ12,000 രൂപയ്ക്ക് തുല്യമായ മലേഷ്യന്‍ റിങ്കറ്റ് 1000 മാത്രമാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ കുടുംബത്തിനായി ബാക്കിയുണ്ടായിരുന്നത്. രണ്ടരലക്ഷം രൂപ പ്രതിമാസ ശമ്പളമുണ്ടായിരുന്ന ലീ സീ ബെന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി തന്റെ ശമ്പളം പോലും വിനിയോഗിച്ചിരുന്നു. പ്രോജക്ടിനു നൽകേണ്ടിയിരുന്ന പന്ത്രണ്ടു കോടിയിലേറെ രൂപ പൊതുമരാമത്ത് വകുപ്പ് പിടിച്ചു വച്ചതിനാലാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. വകുപ്പിലെ അഴിമതി നിമിത്തമാണ് 2006 ഏപ്രിലിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതി പാതി പോലും തീര്‍ക്കാനാകാതെ വന്നതെന്നും അക്ഷേപമുണ്ട്.
ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറായിരുന്നു അക്കാലത്ത് പൊതുമരാമത്ത് സെക്രട്ടറി. ലീ സി ബെന്നിന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേര് പരാമർശിച്ചിരുന്നു. ഇക്കാലമത്രയും കത്തുകളും തെളിവുകളും കണ്ടെത്തെലുകളുമെല്ലാം മാറിമാറിവന്ന സർക്കാരുകൾക്കു മുൻപിലുണ്ടായിരുന്നിട്ടും ഫലപ്രദമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാനാവാതെ പോയത്, ഫലത്തില്‍ ലീ സീ ബെന്നിനോടുള്ള നീതി നിഷേധമായി മാറിയെന്നാണിപ്പോൾ ചൂണ്ടിക്കാട്ടപ്പെടുന്നത്.
