തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും: ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കൂടാതെ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അടുത്ത രണ്ട് – മൂന്ന് ദിവസത്തിനുള്ളിൽ, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നതിനും അതോടൊപ്പം തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ മഴ ആരംഭിക്കുന്നതിനും സാധ്യതയുണ്ട്.
മന്നാർ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരത്തും, സമുദ്രനിരപ്പിൽ നിന്ന് 0.9 കി.മീ. ഉയരത്തിൽ ചക്രവാതച്ചുഴി തുടരുന്നു. തെക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഒക്ടോബർ 13-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
