കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ പ്രതി സുഹൈൽ സജീവ് ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. മറ്റന്നാൾ അപേക്ഷ പരിഗണിക്കും. അതേസമയം അപകടത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലിസ്.
കാർ മത്സരയോട്ടം നടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. മദ്യലഹരിയിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ സുഹൈൽ സജീവും കൂട്ടാളികളായ നിനവും ജോയാലും നിലവിൽ റിമാൻഡിലാണ്. എറണാകുളം റൂറൽ പൊലിസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സുഹൈലും മറ്റ് പ്രതികളും മദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിലാണ് സുഹൈൽ കാർ ഓടിച്ചതെന്നും പൊലിസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കാർ മത്സരയോട്ടം നടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ജാമ്യത്തിൽ വിട്ടാൽ പണവും സ്വാധീനവുമുള്ള പ്രതി കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചിട്ടുണ്ട്. എഫ്ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെട്ടിരുന്നില്ലെന്ന വിവാദം അടിസ്ഥാനരഹിതമാണെന്നും പ്രതിയെ നിയമപ്രകാരമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതെന്നും പൊലിസ് വ്യക്തമാക്കി.
