വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് നടന്ന മൂന്നാം മത്സരത്തിലും വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ന് നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ഇന്ത്യ മറികടന്നു. അഭിഷേക് ശർമയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇന്ത്യ അനായാസമായി ലക്ഷ്യം മറികടന്നത്.
113 റൺസാണ് അഭിഷേക് എടുത്തത്. 38 പന്തിൽ ഒമ്പത് ബൗണ്ടറിയും 11 സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്. 19 പന്തിൽ 45 റൺസാണ് വൈഭവ് എടുത്തത്. നാല് ബൗണ്ടറിയും നാല് സിക്സും ഉൾപ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ രണ്ട് വിക്കറ്റെടുത്തു. മാത്യു ഫിഷറും മിച്ചൽ സാന്റ്നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 198 റൺസെടുത്തത്. 89 റൺസെടുത്ത ഡാരൽ മിച്ചല്ലിന്റെയും 40 റൺസെടുത്ത ഫിൻ അലന്റെയും മികവിലാണ് ന്യൂസിലൻഡ് മികച്ച കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ബെവോൺ ജേക്കബ്സ് 39 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗും അക്സർ പട്ടേലും നിതീഷ് കുമാർ റെഡ്ഢിയും ഓരോ വിക്കറ്റ് വീതം എടുത്തു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.
