ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പിൽ നിന്നും ഉപ്പിൽ നിന്നുമാണ്. ഫാസ്റ്റ് ഫുഡിൽ ഇവയുടെ തോത് വളരെക്കൂടുതലാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നവർ പച്ചക്കറികൾ അടങ്ങിയ മറ്റു വിഭവങ്ങൾ കഴിക്കുന്നതും കുറവാണ്. ചുരുക്കത്തിൽ സാധാരണ ഭക്ഷണത്തിനു പകരം പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ കൊഴുപ്പിന്റെ അളവു കൂടുതലാകുന്നു. നാരിന്റെ തോതു കുറയുന്നു. ഉളളിലെത്തുന്നതു പോഷകാംശം തീരെക്കുറഞ്ഞ സംസ്കരിച്ച ഭക്ഷണമായിരിക്കും. ഇതു വിവിധ ജീവിതശൈലീരോഗങ്ങൾക്കുളള സാധ്യത കൂട്ടുന്നു.
വനസ്പതിയിൽ ട്രാൻസ്ഫാറ്റ്
ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വനസ്പതി ഉപയോഗിക്കാറുണ്ട്. വനസ്പതി യഥാർഥത്തിൽ സസ്യഎണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ അതിനെ ഖരാവസ്ഥയിലേക്കു മാറ്റുന്നതാണ്. ഇതിൽ അടങ്ങിയ കൊഴുപ്പ് ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിന്റെ പ്രതിരോധശക്തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു.
വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റ്
വെളിച്ചെണ്ണയിലെ സാച്ചുറേറ്റഡ് ഫാറ്റും അപകടകാരിയാണ്. ആവർത്തിച്ചുപയോഗിക്കുന്ന എണ്ണയാകുന്പോൾ പ്രശ്നം സങ്കീർണമാകും. കനലിൽ വേവിച്ച മാംസം എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. പലപ്പോഴും അത് അവിടവിടെ കരിഞ്ഞ അവസ്ഥയിലായിരിക്കും. എണ്ണ പോയിക്കഴിഞ്ഞാൽ അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണ്‍ കാൻസറിനിടയാക്കുന്നതായി ഗവേഷകർ.
.
വിറ്റാമിനുകളും ധാതുക്കളുമില്ല
ഫാസ്റ്റ് ഫുഡിൽ നിന്നു ശരീരത്തിനു കിട്ടുന്നതു കാർബോഹൈഡ്രേറ്റും കൊഴുപ്പിൽ നിന്നുളള ഊർജവുമാണ്. മറ്റു വിറ്റാമിനുകളും ധാതുക്കളും തീരെയില്ല. ഇതിൽ നിന്നു കിട്ടുന്നത് വെറും ഊർജം മാത്രം. ചോറു കഴിച്ചാലും നമുക്കു കിട്ടുന്നത് ഈ കാർബോ ഹൈഡ്രറ്റ് തന്നെ. എന്നാൽ ആരോഗ്യജീവിതത്തിനു വിറ്റാമിനുകളും ആന്റി ഓക്സിഡൻറുകളും ധാതുക്കളും അടങ്ങിയ വിഭവങ്ങൾ കൂടി കഴിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കണം. മറ്റു ഭക്ഷണം ഒഴിവാക്കിയാണല്ലോ ഫാസ്റ്റ് ഫുഡ് പ്രേമികൾ അതു തെരഞ്ഞെടുക്കുന്നത്. പക്ഷേ, അതിൽ പോഷകങ്ങളില്ല. അതാണ് ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നതിലെ അപകടം.
എണ്ണയുടെ ആറാട്ട്!
പൊറോട്ട കഴിക്കുന്നവർ അതിനൊപ്പം എണ്ണ കൂടുതലുളള ചില്ലി ചിക്കൻ പോലെയുളള വിഭവങ്ങളാണു മിക്കവരും തെരഞ്ഞെടുക്കുന്നത്. പോഷകങ്ങൾ ഇല്ല എന്നു മാത്രമല്ല അതിൽ അഡിറ്റീവ്സ് എന്നറിയപ്പെടുന്ന ചില രാസപദാർഥങ്ങൾ ചേർത്തിരിക്കുന്നു. നിറത്തിനും മണത്തിനും രുചിക്കും വേണ്ടിയാണ് ഇവ ചേർക്കുന്നത്. ഇത്തരം വസ്തുക്കളും എണ്ണയുമാണ് ഫാസ്റ്റ് ഫുഡിൽ ഏറെയും. അതിൽനിന്നൊക്കെ കിട്ടുന്ന ഉൗർജം മാത്രമാണു ഫാസ്റ്റ് ഫുഡ് നല്‍കുന്നത്. ഫാസ്റ്റ് ഫുഡിൽ ഏറെയും വറുത്ത വിഭവങ്ങളാണ്. വറുക്കുന്പോൾ കൂടുതൽ എണ്ണ ചേരുന്നതിനാൽ അത്തരം വിഭവങ്ങളിൽ ഉയർന്ന കലോറി ഉൗർജം അടങ്ങിയിരിക്കുന്നു. എണ്ണയുളള വിഭവങ്ങളിലെല്ലാം ഊർജം കൂടുതലാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
