കമ്പനിയിൽ ജോലിക്കുള്ള ചേരുന്ന തീയതി നീട്ടി ചോദിക്കാൻ വ്യാജമായി മെഡിക്കൽ അത്യാഹിതം (Hospital emergency) ഉണ്ടാക്കി കാണിച്ച ഉദ്യോഗാർഥിയുടെ തട്ടിപ്പ് പുറത്തുവിട്ട് ജയ്പൂർ ആസ്ഥാനമായുള്ള കമ്പനിയുടെ സിഇഒ. ജോലിക്കായി സമയം നീട്ടി ചോദിച്ച അതേ ആഴ്ച തന്നെ ബെംഗളൂരുവിലെ മറ്റൊരു കമ്പനിയിൽ ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതായാണ് വെളിപ്പെടുത്തൽ.
വാൻഷിവ് ടെക്നോളജീസിന്റെ സിഇഒ ആയ ഗൗരവ് ഖേതർപാലാണ് എക്സ് വഴി ഈ സംഭവം പുറത്തുവിട്ടത്. ഉദ്യോഗാർഥിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ആശുപത്രിയിലാണെന്നും കാണിച്ച് അവരുടെ സഹോദരി റിക്രൂട്ട്മെന്റ് ടീമിന് അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ചേരേണ്ട ദിവസം മുതൽ കമ്പനിയുടെ കോളുകളോ സന്ദേശങ്ങളോ ഉദ്യോഗാർഥി എടുത്തിരുന്നില്ല. എന്നാൽ ബെംഗളൂരുവിലെ മറ്റൊരു കമ്പനിയിൽ ഇവർ ഒക്ടോബർ മാസത്തിൽ ജോലിയിൽ പ്രവേശിച്ച വിവരം ലിങ്ക്ഡ്ഇൻ പ്രൊഫൈൽ വഴി പിന്നീട് വ്യക്തമാവുകയായിരുന്നു.
മികച്ച ഓഫറുകൾ ലഭിക്കുകയോ തീരുമാനം മാറ്റുകയോ ചെയ്യുകയാണെങ്കിൽ ഉദ്യോഗാർഥികൾ അത് സത്യസന്ധമായി തുറന്നുപറയണമെന്ന് ഖേതർപാൽ വ്യക്തമാക്കി. വ്യാജ കാരണങ്ങൾ പറഞ്ഞ് കമ്പനിയെ കബളിപ്പിക്കുന്നത് അടിസ്ഥാനപരമായ സത്യസന്ധതയുടെ തകർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. മികച്ച ഓഫറുകൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെങ്കിലും, ഇത്തരം കള്ളങ്ങളും വഞ്ചനയും അംഗീകരിക്കാനാവില്ലെന്നാണ് പലരുടെയും അഭിപ്രായം.

