അജിത്ത് നായകനായെത്തിയ ‘ഗുഡ് ബാഡ് അഗ്ലി’യിൽ നിന്നും നസ്ലിൻ അവസാനം നിമിഷം പിന്മാറിയെന്ന വാർത്തകൾക്ക് വ്യക്തത വരുത്തി സംവിധായകൻ ആദിക് രവിചന്ദ്രൻ. ഗുഡ് ബാഡ് അഗ്ലിയിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
‘ഗുഡ് ബാഡ് അഗ്ലി’യുടെ നിർമാതാക്കളായ മൈത്രി പിക്ചേഴ്സ് ആ സമയത്ത് തന്നെ ‘ഡ്യൂഡ്’ എന്നൊരു പടം കമ്മിറ്റ് ചെയ്തിരുന്നു. മമിത മാം അതിൽ നായികയായി കരാര് ഒപ്പിട്ടു.
‘പ്രേമലു’ ആ സമയത്ത് റിലീസ് ആയോ എന്നറിയില്ല. മൈത്രി നിർമാതാക്കളാണ് പിന്നീട് നസ്ലിനെക്കുറിച്ച് എന്നോട് പറയുന്നത്. ‘പ്രേമലു’ ഹീറോയെ നിങ്ങൾ പരിചയപ്പെട്ടിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ലെന്ന് ഞാൻ പറഞ്ഞു.
ആ സമയത്ത് നസ്ലിൻ ചെന്നൈയിൽ ഉണ്ട്. അങ്ങനെ മൈത്രി പിക്ചേഴ്സ് അവരുടെ ഓഫിസിലേക്ക് നസ്ലിനെ വിളിച്ചു. ആ സമയത്ത് ഞാനും അവിടേക്ക് ചെന്നു. കണ്ടു, പരിചയപ്പെട്ടു, നല്ല ക്യൂട്ട് ആയ വളരെ എനർജറ്റിക് ആയ പയ്യൻ. ഏതു പടമാണ് ചെയ്യുന്നതെന്ന് ചോദിച്ചു, അജിത് സർ പടമെന്ന് ഞാൻ പറയുകയും ചെയ്തു.
ഇദ്ദേഹത്തിന് എന്തെങ്കിലും വേഷം നമ്മുടെ പടത്തിൽ ഉണ്ടാകുമോയെന്ന് മൈത്രിയുടെ ഭാഗത്തുനിന്നും ചോദിച്ചു. ‘ഇല്ല സർ, ഇദ്ദേഹമൊക്കെ വലിയ ഹീറോ ആയി മാറുന്ന നടനാണ്. നമ്മുടെ സിനിമയിൽ കൃത്യമായ സ്പേസ് അദ്ദേഹത്തിന് കൊടുക്കാനില്ല. അങ്ങനെ കൊണ്ടുവന്നു കഴിഞ്ഞാൽ എന്താകുമെന്ന് അറിയില്ല. പക്ഷേ അജിത് സർ–നസ്ലിൻ കോംബോ നല്ലതാകും. ഒരു മുഴുനീള അച്ഛന്–മകൻ സിനിമയാണെങ്കിൽ ഓക്കെ.
പക്ഷേ നമ്മുടെ പടത്തിൽ മകന്റെ കഥാപാത്രത്തിനു സ്ക്രീൻ സ്പേസ് കുറവാണ്.’ ഞാൻ മറുപടിയായി പറഞ്ഞു. ഇങ്ങനെയാണ് അവിടെ ചർച്ച നടന്നത്. ഇക്കാര്യം നസ്ലിനോടും സംസാരിച്ചു. അല്ലാതെ ഈ ചിത്രം നസ്ലിൻ ഒരിക്കലും കമ്മിറ്റ് ചെയ്തിട്ടില്ല. ആദിക് പറഞ്ഞു.
