ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ VI’ (GTA 6) ഗെയിമിനായി ആകാശത്ത് വിമാനമുപയോഗിച്ച് കൂറ്റൻ ആർട്ട്വർക്ക് വരച്ച് അമേരിക്കൻ പൈലറ്റ്. ‘ദി പൈലറ്റ് പിക്കാസോ’ എന്നറിയപ്പെടുന്ന ബെഞ്ചമിൻ മക്ഡാനിയൽ എന്ന പൈലറ്റാണ് എട്ട് മണിക്കൂറിലധികം സമയം ആകാശത്ത് വിമാനം പറത്തി ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
തന്റെ ‘സെസ്ന സ്കൈപ്ലെയ്ൻ RG’ വിമാനം ഉപയോഗിച്ച് ആർക്കൻസാസിന് മുകളിലൂടെയുള്ള കൃത്യമായ ഫ്ലൈറ്റ് പാതയിലൂടെയാണ് അദ്ദേഹം ഈ ചിത്രം വരച്ചത്. ഫ്ലൈറ്റ് ട്രാക്കിംഗ് ആപ്പായ ഫ്ലൈറ്റ്റഡാർ 24 ലാണ് ഈ ആകാശചിത്രം തെളിഞ്ഞുകണ്ടത്.
ജിടിഎ ഗെയിമുകളുടെ പ്രധാന ആകർഷണമായ ഹെലികോപ്റ്ററും ജിടിഎ 6 ലോഗോയും ആകാശത്ത് വരച്ചിട്ടുണ്ട്. ഫ്ലോറിഡയുടെ പശ്ചാത്തലം സൂചിപ്പിക്കുന്ന മുതല, ഈന്തപ്പനകൾ, സ്പോർട്സ് കാർ, ബിക്കിനി ധരിച്ച യുവതി എന്നിവയും ഫ്ലൈറ്റ് പാതയിലൂടെ അദ്ദേഹം കൃത്യമായി വരച്ചുചേർത്തു.
“ആകാശത്ത് ജിടിഎ 6 ചിത്രം വരയ്ക്കാൻ ഞാൻ 8 മണിക്കൂർ എടുത്തു, എന്നാൽ ഈ ഒരു നിമിഷത്തിനായി ഞാൻ കഴിഞ്ഞ 11 വർഷമായി കാത്തിരിക്കുകയാണ്,” – ബെഞ്ചമിൻ മക്ഡാനിയൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
മുൻപും ലിയോനാർഡോ ഡാവിഞ്ചിയുടെ ‘മോണാലിസ’, എഡ്വാർഡ് മഞ്ചിന്റെ ‘ദി സ്ക്രീം’ തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾ ആകാശത്ത് വരച്ച് ശ്രദ്ധ നേടിയ പൈലറ്റാണ് മക്ഡാനിയൽ. ജിടിഎ 6 ഗെയിമിന്റെ ഔദ്യോഗിക റിലീസിന് മുന്നോടിയായി പുറത്തുവന്ന ഈ ആകാശചിത്രം ഗെയിമിംഗ് ആരാധകരും ഏവിയേഷൻ പ്രേമികളും വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
