ബൈക്കിന് പിന്നിൽ ഡയപ്പർ ധരിച്ച് വളരെ സുരക്ഷിതമായി കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു കുഞ്ഞു കുരങ്ങൻ! തെരുവുകളിലൂടെയുള്ള ഈ കൗതുകകരമായ യാത്രയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മനീഷ് കുമാർ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് നകുൽ എന്ന യുവാവിന്റെയും അദ്ദേഹത്തിന്റെ വളർത്തുമൃഗമായ കുരങ്ങിന്റെയും ഈ അപൂർവ്വ കൂട്ടുകെട്ടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്.
നകുലിന്റെ പിന്നിൽ പിടിച്ചിരിക്കുന്ന ഈ കുഞ്ഞു കുരങ്ങന്റെ പേര് ബജ്രംഗി എന്നാണ്. യാത്രയ്ക്കിടയിൽ ചുറ്റും നോക്കുന്നുണ്ടെങ്കിലും നകുലിന്റെ അരക്കെട്ടിലെ പിടി അവൻ അയയ്ക്കുന്നുണ്ടായിരുന്നില്ല.ഒന്നോ രണ്ടോ വർഷങ്ങൾക്ക് മുമ്പ് ഒരു കൊടുങ്കാറ്റിൽ അമ്മ കുരങ്ങ് ചത്തതിനെത്തുടർന്നാണ് ബജ്രംഗിയെ നകുലിന് ലഭിക്കുന്നത്. അനാഥനായ ആ കുഞ്ഞിനെ നകുൽ വീട്ടിലേക്ക് കൊണ്ടുവരികയും അന്നുമുതൽ ഇരുവരും ഒന്നിച്ചു കഴിയുകയുമാണ്.
തന്നെ ആരും നിർബന്ധിച്ച് കൂടെ നിർത്തിയിട്ടില്ലെന്നും സ്വതന്ത്രനായി വിടാൻ ശ്രമിച്ചെങ്കിലും അവൻ എപ്പോഴും ഒപ്പം നിൽക്കാൻ തന്നെയാണ് ഇഷ്ടപ്പെടുന്നതെന്നും നകുൽ വ്യക്തമാക്കുന്നു.ഇരുവരുടെയും സ്നേഹബന്ധവും നകുലിന്റെ കരുണയും സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു.
