ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഒരു ഓഫീസിൽ നടന്ന ദീപാവലി ആഘോഷത്തിനിടയിൽ പ്രായമായ ഒരു ജീവനക്കാരൻ നടത്തിയ ഊർജ്ജസ്വലമായ നൃത്തം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രശസ്തമായ ‘ഇഷ്ക് തേര തദ്പാവെ’ (Ishq Tera Tadpaave) എന്ന ഗാനത്തിന് അദ്ദേഹം ഒപ്പന വെച്ചതും സഹപ്രവർത്തകർ ആവേശത്തോടെ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചതുമായ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഇഷിക സാഹു എന്ന ജീവനക്കാരിയാണ് ഈ ദീപാവലി നിമിഷം ക്യാമറയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഓഫീസിലെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് ജീവനക്കാരൻ തനതായ ശൈലിയിൽ നൃത്തം ചെയ്തത് ഓഫീസിലെ എല്ലാവരിലും സന്തോഷം നിറച്ചു. “അങ്കിൾജി തോ ഛാ ഗയേ” (അങ്കിൾ ഷോ സ്റ്റീൽ ചെയ്തു) എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
മൂന്ന് ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ വിഡിയോ ഇതിനോടകം സ്വന്തമാക്കിയത്. ഓഫീസിലെ കഠിനാധ്വാനികളായ ഇത്തരം ജീവനക്കാരെ എപ്പോഴും ചേർത്തുപിടിക്കണമെന്നും കമ്പനികൾ അവർക്ക് പ്രത്യേക ദീപാവലി സമ്മാനങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് കമന്റ് ബോക്സിൽ രംഗത്തെത്തിയിരിക്കുന്നത്. ലിഫ്റ്റിൽ വെച്ച് പലതവണ കണ്ടിട്ടുള്ള വളരെ മാന്യനും വിനയശീലനുമാണ് അദ്ദേഹമെന്ന് ഒപ്പമുള്ള സഹപ്രവർത്തകരും കുറിച്ചു.
