ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ ചാപ്റ്റർ 1’ന്റെ ടീസർ പുറത്തിറങ്ങി. നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ ടീസർ കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന കുപ്രസിദ്ധമായ ‘കറുത്തച്ചനൂട്ട്’ എന്ന ദുരൂഹ ആചാരത്തിന് പിന്നിലെ രഹസ്യങ്ങളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്.
മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം ഡിസംബർ മൂന്നിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ പൊലിസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്.
കളങ്കാവൽ എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമിക്കുന്നത്. ഓർഡിനറി, അനാർക്കലി തുടങ്ങിയ വിജയചിത്രങ്ങൾക്ക് ശേഷം രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്. സത്യവും മിഥ്യയും ഇടകലരുന്ന, പരമ്പരാഗത ആചാരക്രമങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫാന്റസി ത്രില്ലറാണ് മായൻ.
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയും സംവിധായകൻ ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ശ്രീഖിൽ ശ്രീനിവാസാണ് കോ-ഡയറക്ടർ. വിജയ് ബാബു, നൈലാ ഉഷ, അർഷാ ബൈജു, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സംഗീതം – മുജീബ് മജീദ്, ഛായാഗ്രഹണം-ഫൈസൽ അലി, എഡിറ്റിംഗ്- പ്രവീൺ കുമാർ, എക്സികുട്ടീവ് പ്രൊഡ്യൂസർ- രോഹിത് ആർ. നായർ, കലാ സംവിധാനം- സുനിൽ ദാസ്, മേക്കപ്പ് – അമൽ ചന്ദൻ, കോസ്റ്റ്യും ഡിസൈൻ- സമീറാ സനീഷ്, സ്റ്റിൽസ്- സിനറ്റ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വി. ബോസ്, പ്രൊഡക്ഷൻ മാനേജർ – പീറ്റർ അർത്തുങ്കൽ. പിആർഒ-വാഴൂർ ജോസ്.
