കൊച്ചി: അനുവദനീയമായ പരിധിയില്‍ അധികം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ കേരളത്തിലും വില്പനയ്ക്ക് എത്തുന്നുണ്ടെന്ന് ആരോപണം. പുതിയ വാഹനങ്ങള്‍ക്കു പോലും പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് വില്‍ക്കുന്ന പെട്രോളിലെ എഥനോളിന്റെ അളവ് സര്‍ക്കാര്‍ ഇടപെട്ട് പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
അനുവദനീയമായ പരിധി 20 ശതമാനമാണെങ്കിലും 31.2 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍പ്പനയ്ക്കെത്തുന്നതായി കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും സമാനമായ രീതിയില്‍ ഇന്ധന വില്‍പ്പന നടക്കുന്നുണ്ടോയെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്.
പെട്രോളില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തിന്റെ ഉപയോഗം വര്‍ധിച്ചതോടെ വാഹനങ്ങളുടെ സുരക്ഷയെയും പ്രവര്‍ത്തനക്ഷമതയെയും കുറിച്ചുള്ള ആശങ്കകളും ശക്തമായിട്ടുണ്ട്. ഇ20 പെട്രോളിന്റെ ഉപയോഗം എന്ജിന് തകരാറുകള്‍ക്ക് കാരണമാകുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഫ്യൂവല്‍ പമ്പ്, ഫ്യൂവല്‍ ഇന്‍ജക്ടര്‍ എന്നിവ തകരാറിലായി വാഹനങ്ങള്‍ വഴിയിലാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി വാഹന ഉടമകള്‍ പറയുന്നു.
ഓ-റിങ്ങുകള്‍, ഗാസ്കറ്റുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് ഇന്ധന ചോര്‍ച്ചയുണ്ടാകുന്നതും വാഹനം പെട്ടെന്ന് നിലച്ചു പോകുന്നതും വര്‍ധിക്കുന്നതായാണ് പരാതി. ഇത്തരത്തില്‍ നിരവധി ബൈക്കുകളും കാറുകളും കേടുവരുന്നതായാണ് കൊച്ചിയിലെ വര്‍ക്ക്ഷോപ്പ് ഉടമകള്‍ പറയുന്നത്. അനുവദനീയമായ 20 ശതമാനത്തിലധികം എഥനോള്‍ കലര്‍ത്തിയ പെട്രോളാണോ കേരളത്തിലും വില്ക്കുന്നതെന്ന സംശയമാണ് വര്‍ക്ക്ഷോപ്പ് ഉടമകളും ടാക്സി ഡ്രൈവര്‍മാരും ഇരുചക്ര വാഹന യാത്രികരും പങ്കുവയ്ക്കുന്നത്.
2023ല്‍ വിതരണം ആരംഭിച്ച ഇ20 ഇന്ധനം 2025ഓടെ രാജ്യത്തുടനീളം വ്യാപകമായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുക, ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് നിയന്ത്രിക്കുക, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എഥനോള്‍ കലര്‍ത്തിയ ഇന്ധന പദ്ധതി അവതരിപ്പിച്ചത്.
എഥനോള്‍ കലര്‍ന്ന പെട്രോളിന്റെ അളവ് സംബന്ധിച്ച സുതാര്യത ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. പെട്രോള്‍ പമ്പുകളില്‍ എഥനോളിന്റെ കൃത്യമായ ശതമാനം പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇന്ധന ബില്ലിലുംരസീതിലും എഥനോളിന്റെ അളവ് രേഖപ്പെടുത്തണമെന്ന ആവശ്യവും തള്ളിയിരുന്നു. ഇതോടെ ഇന്ധനത്തില്‍ എത്ര ശതമാനം എഥനോള്‍ കലര്‍ന്നിട്ടുണ്ടെന്ന് അറിയാതെയാണ് പലരും പെട്രോള്‍ നിറയ്ക്കുന്നത്.
