ന്യൂഡൽഹി: ഓൾഡ് ഡൽഹിയിലെ ചൗരി ബസാറിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ശനിയാഴ്ച മൂന്നാമത്തെ മൃതദേഹം കൂടി കണ്ടെടുത്തു. ബിഹാർ സ്വദേശി പങ്കജ് ശർമ (40) ആണ് മരിച്ചത്.
ഇതോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആകെ അഞ്ചുപേരെയാണ് പുറത്തെടുത്തത്. ഇതിൽ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ മറ്റ് രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരെല്ലാം കെട്ടിടത്തിൽ നിർമാണ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ്.
സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഡൽഹി പൊലിസ് മൂന്ന് കരാറുകാരെ അറസ്റ്റ് ചെയ്തിരുന്നു. സിറാജ്, താജുദ്ദീൻ, ഫുർഖാൻ എന്നിവരെ ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് പിടികൂടിയത്.മൂന്നാം നിലയുടെ സ്ലാബ് വാർത്തതിന് ശേഷം ഉടൻ തന്നെ കരാറുകാർ കെട്ടിടത്തിൽ വീണ്ടും നിർമാണ ജോലികൾ ആരംഭിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക വിലയിരുത്തൽ. പുതിയ സ്ലാബ് വാർത്താൽ കൃത്യമായി ഉറച്ചത്തിനു ശേഷമേ അടുത്ത ഘട്ട നിർമാണം പുനരാരംഭിക്കാവൂ എന്ന ചട്ടം ലംഘിച്ചാണ് ജോലി തുടർന്നത്.
