പയ്യന്നൂര്‍: രാമന്തളിയില്‍ പുഴയോരം കൈയേറി സ്വകാര്യ വ്യക്തി ബോട്ടുജെട്ടി നിര്‍മിക്കാനൊരുങ്ങുന്നതായി പരാതി. രാമന്തളി പുന്നക്കടവിലെ ബോട്ടുജെട്ടിക്കും മീന്മാര്ക്കറ്റിനുമിടയിലായാണ് സ്വകാര്യ ബോട്ടുജെട്ടി നിര്‍മിക്കാനുള്ള നീക്കം നടക്കുന്നത്.
ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തി ഉള്‍നാടന്‍ ജലഗതാഗത സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് 1.7 കോടി രൂപ ചെലവില്‍ നിര്‍മിച്ചിട്ടുള്ള 30 മീറ്റര്‍ നീളമുള്ള പുന്നക്കടവ് ബോട്ടുജെട്ടിക്ക് സമീപമാണ് അനധികൃത കൈയേറ്റം.
ജെട്ടിയുടെ നിര്‍മാണത്തിന്റെ ഭാഗമായി പാര്‍ശ്വഭിത്തി കെട്ടിയതിന് പുറത്തായുള്ള പുഴയിലാണ് കൈയേറ്റം. ജെട്ടിക്കരികില്‍ മണ്ണൊലിപ്പിലൂടെ കണ്ടലുകള്‍ നശിക്കാതിരിക്കാന്‍ സംരക്ഷണമായി സ്ഥാപിച്ചിരുന്ന കല്ലുകള്‍ ഇളക്കിയെടുത്താണ് നിര്‍മാണമാരംഭിച്ചിരിക്കുന്നത്. ഇതിന് മുകളില്‍ കെട്ടി മണ്ണുനിറയ്ക്കുന്നതിനായി കല്ലുകളും ഇറക്കിയിട്ടുണ്ട്. ഇതിനിടയില്‍ കണ്ടല്‍ ചെടികള്‍ നശിപ്പിച്ചിട്ടുമുണ്ട്.
നിലവില്‍ മത്സ്യത്തൊഴിലാളികള്‍ ഇവിടെ ചെറുതോണികള്‍ അടുപ്പിക്കുന്നതിന് ഉപയോഗിച്ചുവരുന്നതാണ്. കൈയേറ്റത്തോടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ സൗകര്യം നഷ്ടമാകും. യാതൊരുവിധ അനുമതിയുമില്ലാത്ത ഈ കൈയേറ്റത്തിനെതിരെ പരാതികളുയര്‍ന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അനധികൃത നിര്‍മാണം തടയുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ശശി പറഞ്ഞു.
