ഗർഭകാലത്ത് 34 ആഴ്ച പിന്നിട്ടിരിക്കെ, ഒരൊറ്റ വർഷത്തിനുള്ളിൽ ഏഴ് വേൾഡ് മാരത്തൺ മേജറുകളും പൂർത്തിയാക്കി ന്യൂയോർക്കിൽ നിന്നുള്ള 38-കാരി ഡീഡ്രെ കീൻ. നഴ്സ് പ്രാക്ടീഷണറും ഹെൽത്ത് മാനേജ്മെന്റ് കൺസൾട്ടന്റുമായ കീൻ, തന്റെ ജന്മനാട്ടിൽ നടന്ന ന്യൂയോർക്ക് സിറ്റി മാരത്തൺ പൂർത്തിയാക്കിയതോടെയാണ് ഈ നേട്ടം കൈവരിച്ചത്.
4 മണിക്കൂർ 6 മിനിറ്റ് 55 സെക്കൻഡിലാണ് അവർ ന്യൂയോർക്ക് സിറ്റി മാരത്തൺ ഫിനിഷ് ചെയ്തത്. ടോക്കിയോ, ബോസ്റ്റൺ, ലണ്ടൻ, സിഡ്നി, ബെർലിൻ, ചിക്കാഗോ എന്നിവയ്ക്ക് പിന്നാലെ ഈ വർഷം അവർ പൂർത്തിയാക്കിയ ഏഴാമത്തെ മേജർ മാരത്തണായിരുന്നു ഇത്.
അമ്മയാകുന്നതിന് മുൻപ് വ്യക്തിപരമായ ലക്ഷ്യങ്ങൾ പൂർത്തിയാക്കാനായി 2026-ൽ 11 മത്സരങ്ങളിലാണ് കീൻ പേര് രജിസ്റ്റർ ചെയ്തിരുന്നത്. മാർച്ചിൽ ടോക്കിയോ മാരത്തണും തുടർന്ന് ബോസ്റ്റൺ, ലണ്ടൻ മാരത്തണുകളും പൂർത്തിയാക്കിയതിന് പിന്നാലെ ഏപ്രിലിലാണ് താൻ ഗർഭിണിയാണെന്ന് അവർ തിരിച്ചറിഞ്ഞത്.
ഗർഭധാരണം സ്ഥിരീകരിച്ചതോടെ കീനും ഭർത്താവ് ബ്രയനും കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകാൻ തീരുമാനിച്ചു. അയർലൻഡിലെ ട്രയൽ മാരത്തണിൽ വേഗത കുറയ്ക്കാനും, അയൺമാൻ, രണ്ടാമത്തെ അൾട്രാമാരത്തൺ എന്നിവയിൽ നിന്ന് പിന്മാറാനും അവർ തീരുമാനിച്ചു. ഓരോ മാരത്തണും ഓരോ ഘട്ടമായി കാണാനും, വേഗത കൂട്ടാൻ ശ്രമിക്കാതെ ശരീരത്തിന്റെ താളത്തിനനുസരിച്ച് നീങ്ങാനും, ആവശ്യമെങ്കിൽ നടക്കാനും അവർ മുൻകരുതലെടുത്തു.
പരിചയസമ്പന്നയായ അത്ലറ്റായതുകൊണ്ടാണ് ഗർഭകാലത്തെ കായിക വെല്ലുവിളികൾ അതിജീവിക്കാൻ സാധിച്ചതെന്ന് കീൻ പറയുന്നു. 25-ാം ആഴ്ചയിൽ സിഡ്നി മാരത്തണും, 29-ാം ആഴ്ചയിൽ ബെർലിൻ മാരത്തണും, 31-ാം ആഴ്ചയിൽ ചിക്കാഗോ മാരത്തണും അവർ പൂർത്തിയാക്കി. തുടർന്നാണ് 34-ാം ആഴ്ചയിൽ ന്യൂയോർക്ക് സിറ്റി മാരത്തണിൽ പങ്കെടുത്തത്. 2025ൽ മൂന്ന് മണിക്കൂറിലധികം സമയത്തിനുള്ളിൽ ഇതേ മാരത്തൺ പൂർത്തിയാക്കിയിരുന്നെങ്കിലും, ഇത്തവണ സമയം കൂട്ടുന്നതിനേക്കാൾ സുരക്ഷിതത്വത്തിനും പൂർത്തിയാക്കുന്നതിനുമാണ് പ്രാധാന്യം നൽകിയത്.
മത്സരങ്ങളിൽ പങ്കെടുക്കാൻ ഗൈനക്കോളജിസ്റ്റിന്റെ അനുമതി കീൻ വാങ്ങിയിരുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താനും, പോഷകാഹാരം കൃത്യമായി കഴിക്കാനും, പേശിവലിവ് പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിർത്താനും ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഭർത്താവ് ബ്രയന് ആശങ്കകളുണ്ടായിരുന്നെങ്കിലും, ഓട്ടത്തിനിടെ വിവിധയിടങ്ങളിൽ വെള്ളം എത്തിച്ചും സുഹൃത്തുക്കൾ ഒപ്പം നിന്നുമെല്ലാം വലിയ പിന്തുണ നൽകി.
34-ാം ആഴ്ചയിൽ മാരത്തൺ ഓടുന്നത് അസാധാരണമാണെന്ന് അറിയാമായിരുന്നെങ്കിലും, സ്വന്തം ശാരീരികക്ഷമതയെക്കുറിച്ചും ശരീരത്തിന്റെ പരിമിതികളെക്കുറിച്ചും തനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്ന് കീൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഇതുവരെ 74 മാരത്തണുകളും അൾട്രാമാരത്തണുകളും പൂർത്തിയാക്കിയിട്ടുള്ള കീൻ, 2023-ൽ ഏഴ് ദിവസത്തിനുള്ളിൽ ഏഴ് ഭൂഖണ്ഡങ്ങളിലായി ഏഴ് മാരത്തണുകൾ ഓടിത്തീർക്കുന്ന വേൾഡ് മാരത്തൺ ചലഞ്ചും വിജയിച്ചിരുന്നു.
കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനും പ്രയാസമേറിയ കാര്യങ്ങൾ നേരിടാനുമുള്ള മനക്കരുത്ത് തന്റെ മകന് പകർന്നു നൽകുകയാണ് ലക്ഷ്യമെന്നും, ഇനി മാതൃത്വത്തിലേക്ക് കടക്കുന്നതിന്റെ പുതിയ അധ്യായത്തിനായി കാത്തിരിക്കുകയാണെന്നും കീൻ വ്യക്തമാക്കി.
