മെക്സിക്കോയിലെ മോണ്ടെറിക്ക് സമീപം തെരക്കേറിയ ഹൈവേയ്ക്ക് അരികിൽ ചെറുവിമാനം തകർന്നുവീണ് തീപിടിച്ചു. എൻജിൻ തകരാറിനെ തുടർന്ന് പവർ നഷ്ടപ്പെട്ട ‘പൈപ്പർ മാലിബു 46’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.
നവംബർ 18ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1:50-ഓടെയായിരുന്നു അപകടം. മോണ്ടെറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയും, വിമാനത്താവളത്തിന്റെ സുരക്ഷാ വേലി തകർത്ത് അപ്പോഡാക്കയിലെ മോണ്ടെറി-ന്യൂവോ ലാറെഡോ ഹൈവേയുടെ വശത്തേക്ക് ഇടിച്ചിറങ്ങുകയുമായിരുന്നു.
തകർന്നുവീണതിന് പിന്നാലെ വിമാനത്തിൽ വൻ തീപിടുത്തമുണ്ടാവുകയും ആകാശത്തേക്ക് കറുത്ത പുകച്ചുരുളുകൾ ഉയരുകയും ചെയ്തു. തിരക്കേറിയ ഹൈവേയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയായിരുന്നു ഈ നാടകീയ സംഭവങ്ങൾ. റോഡരികിൽ രണ്ടിടങ്ങളിലായി തീ ആളിപ്പടരുന്നതിന്റെയും ഗതാഗതം തടസപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉടൻ തന്നെ അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീയണച്ചു.
നാല് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കിയെന്നും ആർക്കും ഗുരുതരമായ പരിക്കുകളില്ലാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
ജീവനക്കാരായ ഡേവിഡ് കൊറോണ കാബ്രെറോ (41), അലൻ അഡ്രിയാൻ ക്യൂവാസ് ലൂ (25) എന്നിവരും യാത്രക്കാരായ ജോസ് ലൂയിസ് വില്ലാസെനോർ സാഞ്ചസ് (56), അർമാൻഡോ എസെക്വൽ മാറ്റ (42), കാർലോസ് അലജാൻഡ്രോ കാസ്റ്റിലോ പെരസ് (40), പ്രിസില ഗ്വാഡലൂപ്പെ കാരില്ലോ ഫ്രാഗോസോ (36) എന്നിവരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
‘കാസാഗോ’ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനം മെക്സിക്കോ സിറ്റിക്ക് സമീപമുള്ള അതിസപാനിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് വിമാനത്താവളത്തിലെ റൺവേ താത്ക്കാലികമായി അടച്ചു. വിമാനത്തിന് പവർ നഷ്ടപ്പെടാനും ദിശ മാറാനുമുണ്ടായ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
