ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപവും ആക്രമണവും നടക്കുന്നതായുള്ള ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ഓസ്ട്രേലിയയിൽ താമസിക്കുന്ന അഞ്ജലി ശർമ്മയാണ് താൻ കണ്ടറിഞ്ഞ സത്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
റോഡരികിലെ ഫുഡ് ട്രക്കിൽ നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു സംഘം ഇന്ത്യക്കാർക്ക് നേരെ ഓടിക്കൊണ്ടിരുന്ന വാഹനത്തിലെത്തിയവർ മുട്ടയെറിഞ്ഞ് ആക്രമിച്ചെന്നാണ് ഇന്ത്യൻ വംശജയായ യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. താൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം കണ്ടതെന്ന് അഞ്ജലി പറയുന്നു.
‘റോഡരികിലെ ഫുഡ് ട്രക്കിന് സമീപം ഒരു സംഘം ഇന്ത്യക്കാർ കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ അതുവഴി എത്തിയ ഒരു യൂട്ടിലിറ്റി വാഹനത്തിലുണ്ടായിരുന്നവർ ഇവർക്ക് നേരെ മുട്ടകൾ എറിയുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ വാഹനം നിർത്താതെ കടന്നുകളഞ്ഞതായും യുവതി ആരോപിക്കുന്നു.
സംഘത്തിൽ സ്ത്രീകളും കുടുംബാംഗങ്ങളും പ്രായമായവരുമുണ്ടായിരുന്നുവെന്നും ആരെയും ഉപദ്രവിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യാതെ സ്വന്തം ഇടത്ത് സമാധാനത്തോടെ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും’ അഞ്ജലി പറയുന്നു.
‘അത് കണ്ടപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി. അവരും കുടുംബത്തോടൊപ്പമായിരുന്നു. അവിടെ ഒരുപാട് സ്ത്രീകളും പ്രായമായവരുമുണ്ടായിരുന്നു. അവർ ആരെയും ഒന്നും ചെയ്തിരുന്നില്ല. സ്വന്തം ഇടത്ത് ഇരുന്ന് ഭക്ഷണം കഴിക്കുക മാത്രമായിരുന്നു അവർ ചെയ്തത്’ എന്നാണ് അഞ്ജലി പറഞ്ഞത്. സംഭവത്തെക്കുറിച്ച് പോലിസിൽ പരാതി അറിയിച്ചതായും തുടർനടപടികൾ എന്താകുമെന്ന് കാത്തിരിക്കുകയാണെന്നും യുവതി കൂട്ടിച്ചേർത്തു.
