പങ്കാളികൾ തമ്മിലുള്ള വഴക്കുകൾ പലപ്പോഴും പലരുടേയും ജീവിതത്തിൽ ഉണ്ടാവാറുണ്ട്. ആ ദേഷ്യത്തിൽ എന്തെങ്കിലുമൊക്കെ വിളിച്ചു പറയാറുമുണ്ട്. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ മിക്കവരുടേയും ദേഷ്യവും പിണക്കവുമൊക്കെ പമ്പ കടക്കാറുമുണ്ട്. അത്തരത്തിലൊരു ദേഷ്യവും പിണക്കവും അതിനോടനുബന്ധിച്ച സംഭവങ്ങളുമൊക്കെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രാജസ്ഥാനിലാണ് സംഭവം. ഭാര്യയുമായുണ്ടായ തർക്കത്തിന് പിന്നാലെ വീടുവയ്ക്കാൻ സ്വരൂപിച്ചിരുന്ന പണം ഭർത്താവ് തീയിട്ട് നശിപ്പിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 500 ന്റെ നോട്ടുകൾ കൂട്ടിയിട്ട് കത്തിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
വീഡിയോ പുറത്തുവന്നതോടെ ഭർത്താവിന്റെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. 22,000ന്റെ വസ്ത്രം വാങ്ങുന്നതിനെച്ചൊല്ലിയാണ് ഭാര്യയുമായി തർക്കമുണ്ടായതെന്നാണ് പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 22,000 വിലയുള്ള ഒരു സ്യൂട്ട് വാങ്ങണമെന്ന ഭാര്യയുടെ ആഗ്രഹമാണ് തർക്കത്തിന് തുടക്കമിട്ടത്. എന്നാൽ ഇത്രയും വലിയ തുക വസ്ത്രത്തിനായി ചെലവഴിക്കുന്നതിന്റെ ആവശ്യകത ഭർത്താവ് ചോദ്യം ചെയ്യുകയായിരുന്നു.
വസ്ത്രങ്ങൾക്കായി പണം ചെലവഴിക്കുന്നതിനുപകരം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി സമ്പാദ്യം സൂക്ഷിക്കണമെന്നായിരുന്നു ഭർത്താവിന്റെ വാദം. ഇതോടെ ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായ വാക്കുതർക്കത്തിലേക്ക് നീങ്ങി.
ഒടുവിൽ വീട് വാങ്ങാനായി ബാങ്ക് അക്കൗണ്ടിൽ സ്വരൂപിച്ചിരുന്ന പണം പിൻവലിച്ച് വീട്ടിലെത്തിച്ച ഇയാൾ ആ നോട്ടുകൾ കൂട്ടിയിട്ട് തീകൊളുത്തിയെന്നാണ് ആരോപണം.
പണം കത്തിയെരിഞ്ഞ് ചാരമാകുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. സ്വന്തം അധ്വാനത്തിലൂടെ സമ്പാദിച്ച പണം ഒരു നിമിഷത്തെ ദേഷ്യത്തിൽ നശിപ്പിച്ചതെന്തിനെന്ന ചോദ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
