ജയ്പൂർ: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടതിനെത്തുടർന്ന് തെരുവ് വിളക്കുകൾ അഴിച്ചെടുത്ത് ഭർത്താവ്. രാജസ്ഥാനിലെ ടോംഗ് ജില്ലയിലാണ് സംഭവം.
ബിജെപി സ്ഥാനാർഥിയായ പ്രിയങ്ക ശർമയാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ഇവരുടെ ഭർത്താവ് അലോക് ശർമയാണ് തെരുവ് വിളക്കുകൾ അഴിച്ചെടുത്തത്. നിവായ് മണ്ഡലത്തിലെ ബിജെപി എംഎൽഎ രാംസഹായ് വർമയുടെ പേഴ്സണൽ അസിസ്റ്റന്റാണ് ഇയാൾ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഒക്ടോബർ 24-ന് ഗ്രാമത്തിലെ വിവിധ പ്രദേശങ്ങളിലായി അമ്പതോളം എൽഇഡി തെരുവുവിളക്കുകൾ സ്ഥാപിച്ചിരുന്നു. കുംഹാരോൺ കി ധാണി, ബീഗംപുര, ഹനീഫ്ഗഞ്ച്, ബിജൽപുര തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു വിളക്കുകൾ സ്ഥാപിച്ചത്.
എന്നാൽ പ്രിയങ്ക ശർമ തിരഞ്ഞെടുപ്പിൽ 751 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടതിനു പിന്നാലെ വെള്ളിയാഴ്ച വൈകുന്നേരം തെരുവുവിളക്കുകൾ അഴിച്ചുമാറ്റാൻ തുടങ്ങി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലായിരുന്നു നടപടി.
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ പ്രതികാരമായാണ് തെരുവുവിളക്കുകൾ നീക്കം ചെയ്തതെന്ന് നാട്ടുകാർ ആരോപിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തെരുവുവിളക്കുകൾ നീക്കം ചെയ്ത നടപടി ഗ്രാമത്തിൽ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
