90 കളിലെ കുട്ടികളുടെ പ്രിയപ്പെട്ട ഓറഞ്ച് പാനീയമായ ഗോൾഡ് സ്പോട്ട് വീണ്ടും വിപണിയിലേക്ക് എത്തുന്നുവെന്ന അഭ്യൂഹം ശക്തം. എം.എസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രമാണ് പഴയകാല പാനീയത്തിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്.
ധോണിക്കൊപ്പമുള്ള ചിത്രത്തിൽ ഗോൾഡ് സ്പോട്ടിന്റെ കാനുകളും കാണാം. ചിത്രം വൈറലായതോടെ സാക്ഷി ഗോൾഡ് സ്പോട്ടിന്റെ തിരിച്ചുവരവ് സംബന്ധിച്ച സൂചന നൽകിയതാണോ എന്ന ചോദ്യവുമായി ആരാധകരും രംഗത്തെത്തി. ധോണി ബ്രാൻഡിന്റെ പരസ്യപ്രചാരകനായി എത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.
അതേസമയം, 26 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഗോൾഡ് സ്പോട്ട് വീണ്ടും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കൊക്കക്കോള ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. അടുത്ത ആഴ്ചയോടെ പാനീയം വിപണിയിലെത്തിയേക്കുമെന്നാണ് കരുതുന്നത്. കുറഞ്ഞ പഞ്ചസാരയുള്ളതോ പഞ്ചസാരയില്ലാത്തതോ ആയ പുതിയ രൂപത്തിലായിരിക്കും തിരിച്ചുവരവെന്നും റിപ്പോർട്ടിൽ പറയുന്നു.
സാക്ഷി പങ്കുവച്ച ചിത്രം 90കളിലെ ഗൃഹാതുര ഓർമകളും ആരാധകർക്കിടയിൽ ഉണർത്തിയിട്ടുണ്ട്. ‘ഗോൾഡ് സ്പോട്ട് വീണ്ടും കുടിക്കാൻ ആഗ്രഹമുണ്ട്’, ‘ഇത് പഴയ ഗോൾഡ് സ്പോട്ട് തന്നെയാണോ?’ എന്നിങ്ങനെയാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ.
