ഡൽഹി സന്ദർശനത്തിനിടെ ഊബർ ടാക്സി ബുക്ക് ചെയ്ത മുംബൈ സ്വദേശിനിക്ക് ലഭിച്ചത് ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രാനുഭവം. മുംബൈയിൽ ഏകദേശം പത്ത് വർഷത്തോളമായി സ്ഥിരമായി ഊബർ ടാക്സികൾ ഉപയോഗിക്കുന്ന തനിക്ക്, ഇതാദ്യമായാണ് ഒരു വനിതാ ഡ്രൈവറെ ലഭിക്കുന്നതെന്ന് യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
‘ബീടൗൺ ബൈറ്റ്സ്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി തന്റെ സന്തോഷം പങ്കുവെച്ചത്. ഡൽഹിയിലെ യാത്രയ്ക്കിടെ ഊബർ ബുക്ക് ചെയ്തപ്പോൾ “ഭാവന വരുന്നുണ്ട്” എന്ന നോട്ടിഫിക്കേഷനാണ് ഫോണിൽ വന്നത്. ആകാംക്ഷയോടെ ആപ്പ് തുറന്ന് പരിശോധിച്ചപ്പോഴാണ് തന്റെ ഡ്രൈവർ ഒരു സ്ത്രീയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. കാറിനായി 12 മിനിറ്റോളം കാത്തിരിക്കേണ്ടി വന്നെങ്കിലും, ആ കാത്തിരിപ്പ് ഒട്ടും വെറുതെയായില്ലെന്ന് യുവതി കുറിച്ചു.
“എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഊബർ യാത്രകളിലൊന്നായി ഇത് മാറി,” യുവതി പറഞ്ഞു. ഭാവനയുടെ കാർ വളരെ വൃത്തിയുള്ളതായിരുന്നുവെന്നും, ഉള്ളിൽ മാസികകൾ ഭംഗിയായി അടുക്കിവെച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി. യാത്രയിലുടനീളം തനിക്ക് വലിയ സുരക്ഷിതത്വം അനുഭവപ്പെട്ടതായും യുവതി കൂട്ടിച്ചേർത്തു.
യാത്രയെ കൂടുതൽ മനോഹരമാക്കിയത് ഡ്രൈവറായ ഭാവനയുമായുള്ള സംഭാഷണമായിരുന്നു. തന്റെ ജോലിയെക്കുറിച്ചും, ഡ്രൈവിംഗിനോടുള്ള ഇഷ്ടത്തെക്കുറിച്ചും, വനിതാ ഡ്രൈവർമാർക്കായി ഊബർ നൽകുന്ന സൗകര്യങ്ങളെക്കുറിച്ചും ഭാവന ആവേശത്തോടെ സംസാരിച്ചു. ദിവസം 12 മണിക്കൂറോളം താൻ വാഹനമോടിക്കാറുണ്ടെന്നും, ഒരിക്കൽ മുംബൈ സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും ഭാവന പറഞ്ഞു. ഡൽഹിയിലെ മഞ്ഞുകാലത്തെ പൂക്കളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
കൂടുതൽ സ്ത്രീകൾ വളയം പിടിക്കുന്ന, സ്വന്തമായി വരുമാനം നേടുന്ന, ജോലിയിൽ സന്തോഷം കണ്ടെത്തുന്ന ഒരു പുതിയ ഇന്ത്യയുടെ നേർക്കാഴ്ചയായിരുന്നു ആ യാത്രയെന്ന് യുവതി അഭിപ്രായപ്പെട്ടു. “അതിലുപരിയായി, സ്ത്രീകൾ മറ്റു സ്ത്രീകൾക്കായി അവസരങ്ങളും സുരക്ഷിതമായ ഇടങ്ങളും സൃഷ്ടിക്കുന്ന ഒരു ഇന്ത്യയാണിത്,” അവർ കുറിച്ചു. ഒരു സ്ത്രീക്ക് ലഭിക്കുന്ന അവസരം മറ്റൊരു സ്ത്രീക്ക് എങ്ങനെ മികച്ച അന്തരീക്ഷം ഒരുക്കിക്കൊടുക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും യുവതി ചൂണ്ടിക്കാട്ടി.
“നമ്മൾ ആഗ്രഹിക്കുന്ന ഭാവി ഇന്ത്യയെക്കുറിച്ച് സംസാരിക്കാൻ എളുപ്പമാണ്. എന്നാൽ ചിലപ്പോൾ, തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്ന് നമുക്കതിന്റെ നേർക്കാഴ്ചകൾ ലഭിക്കും,” എന്ന് കുറിച്ചുകൊണ്ട്, കൂടുതൽ ‘ഭാവനമാർ’ വളയം പിടിക്കാൻ മുന്നോട്ട് വരട്ടെ എന്ന ആശംസയോടെയാണ് യുവതി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
