ചിങ്ങവനം: കലുങ്ക് നിര്‍മാണത്തിലെ കാലതാമസംമൂലം എംസി റോഡില്‍ ചിങ്ങവനം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍. കെഎസ്ടിപി റോഡ് വികസനം മൂലം തിരക്കേറിയ ചിങ്ങവനത്തു ഗതാഗത തടസം രൂക്ഷമായി തുടരുന്നതിനിടയിലാണു പ്രധാന ജംഗ്ഷനിലെ കലുങ്ക് പൊളിച്ചിട്ട് മാസങ്ങളായിട്ടും പണി പൂര്‍ത്തിയാക്കാതെ കിടക്കുന്നത്. ഇതുമൂലം വാഹനക്കുരുക്ക് ഏറുമ്പോള്‍ കാല്‍നടയാത്രയും അസാധ്യമായി.
സെമിനാരിപ്പടി മുതല്‍ ഗോമതിക്കവല വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും വാഹനങ്ങള്‍ കടന്നു പോകാനാവാത്തവിധം റോഡ് കുഴിച്ചിട്ടിരിക്കുന്ന നിലയിലായിട്ടു മാസങ്ങള്‍ കഴിഞ്ഞിട്ടും പണി തീര്‍ക്കാതെ അധികൃതര്‍ അലംഭാവം കാട്ടുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതിനിടയിലാണ് കലുങ്കിന്റെ പണിയും പാതിവഴിയില്‍ കിടക്കുന്നത്. റോഡിന്റെ പണി തീര്‍ക്കാന്‍ നിലവിലുള്ള കേബിളുകള്‍ മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസമാണു കാരണമായി പറഞ്ഞിരുന്നത്.
എന്നാലിപ്പോള്‍ കലുങ്കിന്റെ കോണ്‍ക്രീറ്റ് ഭിത്തികള്‍ക്കിടയില്‍ നിരന്നുകിടക്കുന്ന കേബിളുകള്‍ അതേപടി നിലനിര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി കമ്പി സ്ഥാപിച്ച നിലയിലാണ്. ഇതു ചപ്പുചവറുകള്‍ കേബിളുകളില്‍ തങ്ങിനിന്നു വെള്ളക്കെട്ടിനും ഇടയാകും. റോഡ് നിര്‍മാണം തുടങ്ങിയിട്ടു മാസങ്ങളായെങ്കിലും കേബിളുകള്‍ മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസവും റോഡ് പണിയിലെ അനാസ്ഥയും മൂലം ഈ ദുരിതം ഉടനെയെങ്ങും തീരാനിടയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.