ആഷസ്: സിഡ്നിയിൽ ഇംഗ്ലണ്ടിന് ഇന്നിംഗ്സ് തോൽവി

സിഡ്നി: ആഷസ് പരന്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം. ഇന്നിംഗ്സിനും 123 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്‍റെ തോൽവി. ഇതോടെ ഓസ്ട്രേലിയ 4-0ത്തിന് പരന്പര സ്വന്തമാക്കി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിലെ 303 റണ്‍സിന്‍റെ ലീഡിനെതിരേ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് തകർന്നു തരിപ്പണമായി.

നാലാം ദിനം കളി നിർത്തുന്പോൾ 42 റണ്‍സുമായി ക്യാപ്റ്റൻ ജോ റൂട്ടും 17 റണ്‍സുമായി ജോണി ബെയർ സ്റ്റോയുമാണ് ക്രീസിലുണ്ടായിരുന്നത്. അഞ്ചാം ദിവസം ജോ റൂട്ട് (58) അർധസെഞ്ചുറി തികച്ചെങ്കിലും നിർജലീകരണത്തെ തുടർന്ന് മത്സരത്തിൽനിന്നും പിൻമാറിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 38 റണ്‍സെടുത്ത് ബെയർ സ്റ്റോയും പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് തോൽവി ഉറപ്പിച്ചു.

പിന്നീട് വന്ന മോയിൻ അലിയും (13) ടോം കുറൻ (23) എന്നിവർ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഓസ്ടേലിയക്കുവേണ്ടി പാറ്റ് കമ്മിൻസ് നാല് വിക്കറ്റും നഥാൻ ലിയോണ്‍ മൂന്ന് വിക്കറ്റും നേടി. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 649 റണ്‍സാണ് അടിച്ചുകൂട്ടിയിരുന്നത്. ഉസ്മാൻ ഖവാജ(171), ഷോണ്‍ മാർഷ്(156), മിച്ചൽ മാർഷ്(101) എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നിലംപരിശാക്കിയത്.

Related posts