നന്ദനം സിനിമയിൽ ബാലമണിക്ക് തുണയായ ഗുരുവായൂരപ്പന് പ്രണയസാഫല്യം. തന്റെ 50-ാം വയസിൽ നടൻ അരവിന്ദ് വിവാഹിതനായിരിക്കുന്നു.
സാധ്വി ആര്.എസ് ആണ് അരവിന്ദിന്റെ ഭാര്യ. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
ബുധനാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഡൽഹിയിൽ ആയിരുന്നു അരവിന്ദിന്റെ ജനനം. മാതാപിതാക്കൾ പഞ്ചാബികളായിരുന്നു. ശേഷം ഇവർ ചെന്നൈയിലേക്ക് താമസം മാറി. കുട്ടിക്കാലം മുതൽ ഡാൻസിനോട് തൽപരനായിരുന്ന അരവിന്ദ് തെന്നിന്ത്യൻ സിനിമയിൽ രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞു.
2002ല് പുറത്തിറങ്ങിയ മലയാള ചിത്രം നന്ദനത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. പിന്നീട് തമിഴ് സിനിമയിലും സജീവമായ അരവിന്ദിന്റെ അവസാന മലയാള ചിത്രം ഗുരുവായൂരമ്പല നടയിൽ ആണ്. നൃത്ത സംവിധായകൻ കൂടിയാണ് അരവിന്ദ്.
