25 വര്‍ഷം മുമ്പ് മീരയില്‍ വിക്രത്തിന്റെ നായിക സാമി സ്‌ക്വയറില്‍ ഇന്ന് വിക്രത്തിന്റെ അമ്മായിയമ്മ ! സിനിമയില്‍ തനിക്കു സംഭവിച്ച സ്ഥാനചലനത്തെപ്പറ്റി നടി ഐശ്വര്യ പറയുന്നതിങ്ങനെ…

 

ഒരു പിടി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ നടിയായ ഐശ്വര്യ പഴയകാല നടി ലക്ഷ്മിയുടെ മകളാണ്. നരസിംഹം, ബട്ടര്‍ഫ്‌ളൈ, പ്രജ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ സൂപ്പര്‍താരം മോഹന്‍ലാലിന്റെ നായികയായിരുന്നു ഐശ്വര്യ.എന്നാല്‍ മറ്റ് നടിമാരെ പോലെ ഐശ്വര്യയും ഒരിടവേളയ്ക്ക് ശേഷം അമ്മ വേഷത്തിലേക്ക് ചുവടുമാറി. തമിഴില്‍ നിരവധി യുവതാരങ്ങളുടെ അമ്മയായി വേഷമിട്ട ഐശ്വര്യ ഇപ്പോള്‍ തന്റെ നായകന്റെ അമ്മായിയമ്മയായി വേഷമിടാന്‍ ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം സാമി സ്‌ക്വയറില്‍ വിക്രമിന്റെ അമ്മായിയമ്മയുടെ വേഷമാണ് ഐശ്വര്യ കൈകാര്യം ചെയ്യുന്നത്.

1992ല്‍ പുറത്തിറങ്ങിയ മീര എന്ന തമിഴ് ചിത്രത്തില്‍ വിക്രമിന്റെ നായികയായിരുന്നു ഐശ്വര്യ. എന്നാല്‍ അമ്മവേഷങ്ങളില്‍ അഭിനയിക്കുന്നത് തനിക്ക് സന്തോഷമേയുള്ളുവെന്നും പക്ഷെ വിക്രമിന് അത് വല്യ ടെന്‍ഷന്‍ ആയിരുന്നുവെന്നും ഐശ്വര്യ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ഞാന്‍ വിക്രമിന്റെ നായികയായിരുന്നു ഇപ്പോള്‍ സ്വാമി സ്‌ക്വയറില്‍ വിക്രമിന്റെ അമ്മായിയമ്മയായി അഭിനയിക്കുകയാണ്. ഇത് കണ്ട് അവന് ടെന്‍ഷനായി. നീയെങ്ങാനും എന്റെ അമ്മയായി അഭിനയിച്ചാല്‍ ഞാന്‍ ഇവിടുന്ന് ഓടിപ്പോയേനെ എന്നാണ് വിക്രം പറഞ്ഞത്. അവന് തന്നെ സഹിക്കുന്നില്ല.

എന്റെ അമ്മ രജനീകാന്ത് സാറിന്റെ നായികയായിരുന്നു. പിന്നീട് പടയപ്പയില്‍ അമ്മയായും വേഷമിട്ടു. രണ്ട് കഥാപാത്രവും അമ്മയ്ക്ക് നല്ല പേര് നേടിക്കൊടുത്തു. അതുപോലെയാണ് ഞാനും ഇത്തരം വേഷങ്ങളെ കാണുന്നത്. നല്ല പ്രകടനമാണെങ്കില്‍ ജനം അംഗീകരിക്കും. പ്രായം കൂടും തോറും പുരുഷന്‍മാര്‍ക്ക് സൗന്ദര്യം കൂടും.സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കൊക്കെ അവര്‍ക്ക് ചേരും. പക്ഷേ ഞാന്‍ അങ്ങനെ നടന്നാല്‍ പടുകിളവി എന്നേ എല്ലാവരും വിളിക്കൂ.

ഒരു സ്ത്രീ വിവാഹത്തിന് ശേഷം അവള്‍ ഭര്‍ത്താവിന്റെ മാത്രമാണെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. അതുകൊണ്ടു തന്നെ വിവാഹത്തിന് ശേഷം ഒരു നടി സിനിമയില്‍ മറ്റൊരുവനെ പ്രണയിക്കുന്നതും കെട്ടിപിടിക്കുന്നതും ജനങ്ങള്‍ അംഗീകരിക്കില്ല. അവളോടുള്ള ആരാധനയെല്ലാം കുറഞ്ഞു വരും’ഐശ്വര്യ പറഞ്ഞു. വിക്രം ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സാമി സ്‌ക്വയര്‍. 2003ലാണ് ചിത്രത്തിന്റെ ആദ്യഭാഗമായ സാമി പുറത്തിറങ്ങിയത്.

 

Related posts