കൊല്ലം: ഓസ്റ്റിയോജനിസിസ് ഇമ്പർഫെക്ട് എന്ന അപൂർവ രോഗാവസ്ഥയെ തന്റെ അസാധാരണ പ്രതിഭ കൊണ്ട് അതിജീവിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയ ബാലപ്രതിഭ ആദിത്യ സുരേഷിന് ഇനി സ്വപ്നങ്ങളിലേക്ക് വേഗത്തിൽ സഞ്ചരിക്കാം.
ആദിത്യയുടെ ഏറെനാളത്തെ ആഗ്രഹമായിരുന്ന അത്യാധുനിക ഇലക്ട്രോണിക് വീൽചെയർ പി.വി. അബ്ദുൾവഹാബ് എംപി സഫലമാക്കി.പ്രധാൻ മന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ ബഹുമതികൾ സ്വന്തമാക്കിയ ആദിത്യനെ രാഷ്ട്രപതിയുടെ അവാർഡ് ദാന ചടങ്ങിലാണ് പി.വി. അബ്ദുൽ വഹാബ് എംപി പരിചയപ്പെടുന്നത്.
തന്റെ ആഗ്രഹം എന്താണെന്ന് എംപി ചോദിച്ചപ്പോൾ ഭാരം കുറഞ്ഞ ഒരു ഇലക്ട്രോണിക് വീൽചെയർ വേണമെന്ന ആവശ്യം ആദിത്യൻ മുന്നോട്ടുവയ്ക്കുകയായിരുന്നു. തുടർന്ന് എംപി ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം അനുവദിക്കുകയും സാമൂഹ്യക്ഷേമ വകുപ്പ് വഴി വീൽചെയർ ലഭ്യമാക്കുകയുമായിരുന്നു.
എഡി എം.ജി.നിർമൽ കുമാർ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസ്, ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം പണിക്കത്ത് സലാം, കോർപറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സദക്കത്ത്, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സാജൻ ഹിലാൽ മുഹമ്മദ്, നവീൻ ഓയൂർ തുടങ്ങിയവർ പങ്കെടുത്തു.
ശാസ്താംകോട്ട ഡിബി കോളജിലെ ബിഎ രണ്ടാം വർഷ വിദ്യാർഥിയും പ്രശസ്ത ഗായകനുമായ ആദിത്യൻ, പരിമിതികളെ മറികടന്ന് ഇനിയും വലിയ ഉയരങ്ങളിലേക്ക് പറക്കാനുള്ള തയാറെടുപ്പിലാണ്.
