രണ്ടാമനില്‍ നിന്നും ഒന്നാമനിലേക്ക് അമിത് ഷാ യാത്ര തുടങ്ങി ! മന്ത്രിസഭയില്‍ എല്ലാം നിയന്ത്രിക്കുന്നത് ബിജെപിയുടെ ചാണക്യന്‍;അടുത്ത പ്രധാനമന്ത്രി പദത്തിലേക്ക് അമിത്ഷായുടെ ചുവടുവയ്പ്പുകള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയില്‍ അമിത്ഷാ രണ്ടാമനായതോടെ പാര്‍ട്ടിയ്ക്കുള്ളിലെന്ന പോലെ സര്‍ക്കാരിലും അമിത്ഷാ നിര്‍ണായക ശക്തിയാവുകയാണ്. ആദ്യ മോദി മന്ത്രിസഭയില്‍ രാജ്നാഥ് സിംഗിനായിരുന്നു ആഭ്യന്തരം. മോദിയോളം പാര്‍ട്ടിയില്‍ സീനിയര്‍. എന്നാല്‍ രണ്ടാം തവണ അധികാരം കിട്ടുമ്പോള്‍ ആഭ്യന്തരം അമിത് ഷായ്ക്കാണ് മോദി നല്‍കിയത്. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മോദിക്കും രാജ്നാഥ് സിംഗിനും പിന്നാലെ മൂന്നാമനായിട്ടായിരുന്നു അമിത് ഷായുടെ അധികാരമേല്‍ക്കല്‍. എന്നാല്‍ മന്ത്രി കസേരയില്‍ എത്തിയതോടെ മോദിയുടെ യഥാര്‍ത്ഥ രണ്ടാമനായി അമിത് ഷാ മാറി.

മന്ത്രിമാരെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതുമെല്ലാം അമിത് ഷായാണ്. വ്യക്തമായ തീരുമാനങ്ങളാണ് അമിത് ഷായ്ക്കുള്ളത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കാശ്മീരില്‍ ചുവട് അതിശക്തമാക്കുകയാണ് പ്രധാന ലക്ഷ്യം. ഈ സാഹചര്യത്തിലാണ് കാശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയം പോലുള്ള വിഷയങ്ങള്‍ അമിത് ഷാ ചര്‍ച്ചയിലേക്ക് കൊണ്ടു വന്നത്. കേന്ദ്ര ബജറ്റിലും പ്രതിരോധ തീരുമാനങ്ങളിലുമെല്ലാം ഇനി അമിത് ഷായുടെ മനസ്സ് തന്നെയാകും നിര്‍ണ്ണായകമാകുക.

നേതാക്കള്‍ ചര്‍ച്ചയ്‌ക്കെത്തുന്നതും മന്ത്രിമാരെ നിയന്ത്രിക്കുന്നതുമെല്ലാം ഇപ്പോള്‍ അഭ്യന്തര മന്ത്രിയാണ്. പ്രധാന തീരുമാനങ്ങളില്‍ ഒഴികെ ഒന്നിലും മോദി ഇടപെടില്ല. ഏകാധിപതിയാണ് താനെന്ന പ്രചരണങ്ങളെ ചെറുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 75 വയസ്സു കഴിയുന്നവര്‍ മന്ത്രിമാര്‍ ആകേണ്ടതില്ലെന്നാണ് മോദിയുടെ തീരുമാനം. ബിജെപിയിലെ പ്രമുഖരെ പലരേയും മോദി മൂലയ്ക്കിരുത്തിയത് ഈ വാദമുയര്‍ത്തിയാണ്. മോദിക്ക് 69 വയസ്സാകുകയാണ്. അതായത് ആറ് കൊല്ലം കഴിയുമ്പോള്‍ രാഷ്ട്രീയ റിട്ടയര്‍മെന്റിന് മോദി തയ്യാറാകും. അതിന് മുമ്പ് രാജ്യത്തെ അതിശക്തനായ ഭരണാധികാരിയായി അമിത് ഷായെ മാറ്റുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് ഭരണത്തിലെ നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള അധികാരം അമിത് ഷായ്ക്ക് മോദി വിട്ടു നല്‍കുന്നത്. ഗുജറാത്തിലെ കച്ചവട കുടംബത്തിലെ അംഗമായ അമിത് ഷായ്ക്ക് കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള മിടുക്കുണ്ടെന്ന് മോദിക്കും അറിയാം. അങ്ങനെ ഭാവി പ്രധാനമന്ത്രിയായി അമിത് ഷായെ ഉയര്‍ത്തിക്കാട്ടുകയാണ് മോദി ഇപ്പോള്‍.

മോദി സര്‍ക്കാരില്‍ സുപ്രധാന അധികാര കേന്ദ്രമായി മാറിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫിസ്. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആയിരുന്നു കേന്ദ്രത്തില്‍ പ്രധാന അധികാരം കയ്യാളിയിരുന്നത്. അധികാരത്തിലേറിയതിനു പിന്നാലെ ഒരു കൂട്ടം നിര്‍ണായക യോഗങ്ങള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യോഗങ്ങളില്‍ വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍, ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യകാര്യറെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുത്തു.

കശ്മീരിലെ ഭീകരരുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞു. ഇറാന്‍ എണ്ണ ഇറക്കുമതി വിഷയം ചര്‍ച്ച ചെയ്യാനും അമിത് ഷാ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ആഫ്രിക്കയിലെ മൊസാംബിക്കില്‍ നിന്ന് ഇന്ധനവും പാചകവാതകവും ലഭിക്കുന്നതിനു നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടു ചേര്‍ന്ന ഉന്നതതല യോഗത്തിനായിരുന്നു അമിത് ഷാ അധ്യക്ഷത വഹിച്ചത്. ആഭ്യന്തരമന്ത്രിയുടെ ഓഫിസിലായിരുന്നു യോഗം.

യുഎസും ഇറാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ ശക്തമായതോടെ ഇറാന്‍ ഇന്ധനവില കുത്തനെ ഉയര്‍ത്താനുള്ള സാഹചര്യം നിലവിലുണ്ട്. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ 10% ഇറാനില്‍ നിന്നാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രം മറ്റു വഴികള്‍ തേടുന്നത്. കേന്ദ്രത്തിന്റെ കീഴിലുള്ള ഒഎന്‍ജിസി, ബിപിസിഎല്‍, ഓയില്‍ ഇന്ത്യ തുടങ്ങിയ പൊതുമേഖല കമ്പനികള്‍ മൊസാംബിക്കിനു സമീപം തീരത്തോടു ചേര്‍ന്നുള്ള റൊവുമ ഏരിയ1ല്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വാണിജ്യപരവും നയതന്ത്രപരവുമായ ഈ യോഗത്തിലാണ് അമിത് ഷാ അധ്യക്ഷത വഹിച്ചത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു യോഗം. തിരഞ്ഞെടുപ്പില്‍ വിജയിച്ച മോദിയെ മൊസാംബിക്ക് പ്രസിഡന്റ് ഫിലിപ് ജാസിന്റോ ന്യൂസി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യോഗം ചേര്‍ന്നത്. ഇങ്ങനെ ഭരണം അമിത് ഷായിലേക്ക് എത്തുകയാണ്.

ഇഫ്താര്‍ വിരുന്നുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് നടത്തിയ പ്രസ്താവന വിവാദമായതോടെ അമിത് ഷാ ശക്തമായ താക്കീതുമായി രംഗത്തെത്തിയിരുന്നു. ഗിരിരാജിനെ ഫോണില്‍ വിളിച്ച് ഇത്തരം അനാവശ്യ പ്രസ്താവനകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ പാര്‍ട്ടികാര്യങ്ങളിലും അമിത് ഷാ കര്‍ശന നിലപാടുകാരനാകുന്നു. ഗുജറാത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മോദി-അമിത് ഷാ കൂട്ടുകെട്ട് കേന്ദ്രത്തിലെത്തുമ്പോള്‍ സുപ്രധാനതീരുമാനങ്ങളും പരിഷ്‌കാരങ്ങളും ഉണ്ടാകുമെന്നതും ഉറപ്പ്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ ഷാ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നു. അയല്‍പക്കത്തുള്ള ശാഖകളില്‍ ഷാ, സ്ഥിരം സാന്നിദ്ധ്യമായിരുന്നു. അഹമ്മദാബാദിലെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് ഒരു സന്നദ്ധപ്രവര്‍ത്തകനായി സംഘത്തില്‍ ചേരുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തനകാലഘട്ടത്തിലാണ് 1982 ല്‍ അമിത് ഷാ ആദ്യമായി നരേന്ദ്ര മോദിയെ കാണുന്നത്. അഹമ്മദാബാദിലെ യുവതലമുറയെ സംഘടിപ്പിക്കാനുള്ള ചുമതലയുള്ള ആര്‍എസ്എസ് പ്രചാരക് ആയിരുന്നു അക്കാലത്ത് നരേന്ദ്ര മോദി. അന്ന് തുടങ്ങിയ അടുപ്പം ഇപ്പോഴും തുടരുന്നു. 1990 കളില്‍ നരേന്ദ്ര മോദി ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായതോടെ, ഷായുടെ ഉയര്‍ച്ചകള്‍ തുടങ്ങി. മോദി ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിയപ്പോള്‍ ഗുജറാത്തിലെ അധികാര കേന്ദ്രം ഷാ ആയിരുന്നു. പ്രധാനമന്ത്രി പദത്തിലും മോദിയുടെ പിന്‍ഗാമിയാകാനുള്ള തയ്യാറെടുപ്പിലാണ് ഈ രാഷ്ട്രീയ ചാണക്യന്‍ എന്നു വ്യക്തം.

Related posts