അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും! എങ്കിലും ഞാന്‍ പറന്നുയരുകതന്നെ ചെയ്യും; വിമര്‍ശനങ്ങളോടും കുറ്റപ്പെടുത്തലുകളോടും കളക്ടര്‍ ടിവി അനുപമയ്ക്ക് പറയാനുള്ളതിത്

അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നിലപാടുകളെടുത്തതിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും എന്നാല്‍ ജനങ്ങളുടെ പിന്തുണയോടെ എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനും അതുവഴിയായി അഴിമതിക്കാരെ പുകച്ച് പുറത്തുചാടിക്കാനും സാധിച്ചിട്ടുള്ള വളരെ ചുരുക്കം ഉദ്യോഗസ്ഥരില്‍ ഒരാളാണ് ടിവി അനുപമ ഐഎഎസ്. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പേരാണ് അനുപമ ഐഎഎസ് എന്നത്. തോമസ് ചണ്ടിയ്‌ക്കെതിരെയുള്ള രേഖകളും തെളിവുകളും കൃത്യമായി കോടതിയില്‍ സമര്‍പ്പിച്ച് അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം വരെ നഷ്ടപ്പെടാന്‍ കാരണമായത് അനുപമയുടെ നിശ്ചയദാര്‍ഢ്യവും ആത്മാര്‍ത്ഥയും മൂലമായിരുന്നു.

രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രത്യേകിച്ച് മന്ത്രിമാര്‍ക്കെതിരെ നിലപാടുകളെടുക്കുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന എല്ലാ വെല്ലുവിളികളും അനുപമയും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ തളര്‍ത്തുന്നില്ലെന്നും ഫിനിക്‌സ് പക്ഷിയെപ്പോലെ താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അനുപമ ഇപ്പോള്‍. നിഖിത ഖില്ലിന്റെ വരികള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തുകാണ്ടാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ തന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് അനുപമ ഫേസ്ബുക്കില്‍ ഫിനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കു തന്നെ ചെയ്യുമെന്ന വരികള്‍ പങ്കുവെച്ചത്.

അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും. അവര്‍ നിങ്ങളെ ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്‍പ്പിക്കും, ഉപേക്ഷിക്കും, പക്ഷെ അവര്‍ക്ക് നിങ്ങളെ നശിപ്പിക്കാനാവില്ല, ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും’ എന്ന വരികളാണ് അനുപമ തന്റെ ഫേസ്ബുക്ക് വാളില്‍ കുറിച്ചത്. ഈ വരികള്‍ ഷെയര്‍ ചെയ്ത് തന്ന സുഹൃത്തിനു നന്ദി എന്നു പറഞ്ഞായിരുന്നു അനുപമയുടെ പോസ്റ്റ്. നേരത്തെ തോമസ് ചാണ്ടിയുടെ കായല്‍ക്കയ്യേറ്റ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കളക്ടറെ കോടതി വിമര്‍ശിച്ചത്.

തെറ്റായ സര്‍വ്വേ നമ്പറിലാണ് നോട്ടീസ് നല്‍കിയതെന്ന് കളക്ടര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമി, തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയതാണെന്ന കളക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ തോമസ് ചാണ്ടി മറ്റൊരു ഹര്‍ജി നല്‍കുകയായിരുന്നു.

തോമസ് ചാണ്ടിയ്‌ക്കെതിരെ കളക്ടര്‍ നല്‍കിയ രണ്ടു നോട്ടീസുകള്‍ കോടതി റദ്ദാക്കുകയും ചെയ്തു. കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു കോടതി നോട്ടീസ് റദ്ദാക്കിയത്. കളക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ത്ഥിയാണോ എന്നും ജില്ലാ കളക്ടര്‍ എന്നാല്‍ ചില ഉത്തരവാദിത്വങ്ങള്‍ ഉള്ള ആളാണെന്നും കോടതി പറഞ്ഞിരുന്നു. ആയിരങ്ങളാണ് കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

Related posts