എട്ടാം വയസില്‍ 20കാരിയോട് തോന്നിയ പ്രണയം ഒരിക്കലും അവസാനിച്ചില്ല; നീണ്ട പതിനെട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരുനാള്‍ അവളെ കണ്ടുമുട്ടി;പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു; അക്വാമാന്റെ അസാധാരണ പ്രേമകഥ ഇങ്ങനെ…

തീയറ്ററുകളില്‍ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ് ഡിസി കോമിക്‌സിന്റെ ‘അക്വാമാന്‍’. ചിത്രത്തില്‍ ജേസണ്‍ മൊമോവയാണ് അക്വാമാനായി എത്തുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് സീരീസ് ആരാധകരും ഏതാനും ചില എപ്പിസോഡുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരുടെ മനസ്സില്‍ കയറിയ കാല്‍ ഡ്രോഗോയെ അവതരിപ്പിച്ച ജേസണെ മറക്കാന്‍ ഇടയില്ല. 2000ത്തിന്റെ തുടക്കത്തില്‍ ഹോളിവുഡില്‍ എത്തിയെങ്കിലും പിന്നെയും ഒരു പതിറ്റാണ്ടിലേറെ കാത്തിരിക്കേണ്ടി വന്നു ജേസണ്‍ മമോവയ്ക്ക് അര്‍ഹിച്ച അംഗീകാരം ലഭിക്കാന്‍.

പ്രണയത്തിന്റെ കാര്യത്തിലും ജേസണ് പറയാനുള്ള സമാനമായ കഥയാണ്. ഇപ്പോള്‍ തന്റെ ഭാര്യയായി കഴിഞ്ഞ ലിസ ബോണറ്റിനെ ജേസണ്‍ മമോവ പ്രണയിച്ച് തുടങ്ങിയത് തന്റെ എട്ടാം വയസ്സിലാണ്. ടെലിവിഷനില്‍ കണ്ട് ജേസണ് പ്രണയം മുള പൊട്ടിയപ്പോള്‍ അക്കാലത്ത് നടിയായ ലിസയുടെ പ്രായം 20 ആണ്. നീണ്ട പതിനെട്ടു വര്‍ഷത്തിനു ശേഷം 2005ലാണ് ഇരുവരും നേരില്‍ കണ്ടുമുട്ടുന്നത്.അപ്പോള്‍ ജേസണിന് വയസ്സ് 26 ഉം ലിസയ്ക്ക് 39 ഉം.

ന്യൂയോര്‍ക്കിലെ ജാസ് ക്ലബ്ബില്‍ വച്ച് പാര്‍ട്ടിക്കിടെ ഒരു സുഹൃത്താണ് ലിസയെ ജേസണ് പരിചയപ്പെടുത്തി കൊടുക്കുന്നത്. ലിസയെ കണ്ട് തിരിച്ചറിഞ്ഞ നിമിഷം തന്റെ ശ്വാസം വിലങ്ങിയെന്ന് ജേസണ്‍ പറയുന്നു. മനസ്സിലും വയറ്റിലും ആയിരം പൂത്തിരികള്‍ കത്തുന്ന പോലെയായിരുന്നു അനുഭവം. ലിസയെ കണ്ട് നിമിഷം അവളെ ഇനി പിരിയരുതെന്ന് തീരുമാനിച്ചെന്നും ജേസണ്‍ പറയുന്നു. അന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഇരുവരും ലിസയുടെ വീട്ടിലാണ് രാത്രി ചിലവഴിച്ചത്. പരസ്പരം സംസാരിക്കുന്നതിനിടയില്‍ ഇരുവര്‍ക്കുമിടയിലുള്ള സാമ്യതകള്‍ രണ്ട് പേരെയും അമ്പരിപ്പിച്ചു. വൈകാതെ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിച്ചു.

പക്ഷെ അന്നൊന്നും എട്ടാം വയസ്സില്‍ തനിക്ക് തോന്നിയ കുട്ടി പ്രണയത്തെപ്പറ്റി ജേസണ്‍ ലിസയോട് പറഞ്ഞിരുന്നില്ല. ഇരുവര്‍ക്കും 2007 ല്‍ ലോല എന്ന പെണ്‍ കുഞ്ഞ് ജനിച്ചു, തൊട്ടടുത്ത വര്‍ഷം അവള്‍ക്കൊരു അനിയനും. കണ്ട് കുട്ടികളും ജനിച്ച ശേഷമായിരുന്നു തന്റെ കുട്ടിക്കാലത്തെ പ്രണയ രഹസ്യം ലിസയോട് ജേസണ്‍ പറയുന്നത്. അവിശ്വസനീയതയോടെയാണ് ലിസ തന്റെ വാക്കുകള്‍ കേട്ട് ഇരുന്നതെന്ന് ജേസണ്‍ പറയുന്നു. 2017 ലാണ് ഇരുവരും തമ്മില്‍ ഔദ്യോഗികമായി വിവാഹിതരായത്. ലിസയും ആദ്യവിവാഹത്തിലെ മകളും നടിയുമായ സിയോ ക്രാവിറ്റ്‌സിന്റെ പിതൃസ്ഥാനവും ഇതോടൊപ്പം ജേസണ്‍ ഏറ്റെടുത്തു.

ജേസണിന്റെ ജീവിതത്തിലെ അസാധാരണതകള്‍ ഇവിടംകൊണ്ടു തീരുന്നില്ല. പോപ് സംഗീതജ്ഞനും നടനുമായ ലെനി ക്രാവിറ്റ്‌സ് ജേസണിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഇതേ ലെനി ക്രാവിറ്റ്‌സാണ് ആണ് ലിസയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരും തമ്മില്‍ 1993 ല്‍ വേര്‍പിരിഞ്ഞതാണ്. പക്ഷെ ഈ വേര്‍പിരിയലോ വിവാഹമോ ഒന്നും ലെനിയും ജേസണും തമ്മിലുള്ള സൗഹൃദത്തില്‍ ഒരു വിലങ്ങ് തടിയായില്ല, ഇരുവരും തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് ലിസയ്ക്കും പരാതിയില്ല. കടലിനടിയിലെ അദ്ഭുത കാഴ്ചകളുമായി അക്വാമാന്‍ തീയറ്ററുകള്‍ കീഴടക്കുമ്പോള്‍ ജേസണ് അര്‍ഹിച്ച അംഗീകാരം കൂടിയാവുകയാണത്.

Related posts