ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിയാം… എന്നിട്ടും മകന് നീതി ലഭിക്കണമെന്ന പ്രതീക്ഷയിൽ വർഷങ്ങളോളം പോരാടുന്ന ഒരമ്മ. അരിയിൽ ഷുക്കൂറിന്റെ ഉമ്മ ആത്തിക്കയുടെ പോരാട്ടം അങ്ങനെയൊന്നായിരുന്നു.
2012 ഫെബ്രുവരി 20.
കണ്ണൂരിലെ അരിയിൽ വള്ളുവൻകടവിൽവച്ചാണ് യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. രാഷ്ട്രീയ സംഘർഷത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ.
മകന്റെ മരണത്തിന് പിന്നാലെ ആത്തിക്കയ്ക്ക് മുന്നിൽ ബാക്കിയായത് ഒരുപാട് ചോദ്യങ്ങളായിരുന്നു. മകനെ കൊന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേസിൽ നീതി ഉറപ്പാക്കണം. അതായിരുന്നു ആ അമ്മയുടെ ആവശ്യം. ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയത് ലോക്കൽ പൊലീസായിരുന്നു. എന്നാൽ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ആത്തിക്ക കോടതിയെ സമീപിച്ചു.
ഒടുവിൽ ആ അമ്മയുടെ ഹർജിയിൽ 2016 ഫെബ്രുവരി എട്ടിന് ഹൈക്കോടതി നിർണായക ഉത്തരവിറക്കി. കേസ് സിബിഐക്ക് കൈമാറി. ജസ്റ്റിസ് കമാൽ പാഷയുടെ ആ വാക്കുകൾ ഇന്നും ഈ കേസിന്റെ ചരിത്രത്തിലെ പ്രധാന പരാമർശമാണ്.
“ഈ മാതാവിന്റെ നിലവിളി കേൾക്കാതിരിക്കാൻ കഴിയില്ല.” ഒരു അമ്മയുടെ വേദനയ്ക്ക് കോടതി നൽകിയ പരിഗണനയായിരുന്നു ആ ഉത്തരവ്. തുടർന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. 2019 ഫെബ്രുവരി 11-ന് കുറ്റപത്രം സമർപ്പിച്ചു. പക്ഷേ, നീതിക്കായുള്ള കാത്തിരിപ്പ് അവിടെയും അവസാനിച്ചില്ല. വർഷങ്ങൾ നീണ്ട നിയമനടപടികൾ, സാക്ഷിവിസ്താരങ്ങൾ, വാദപ്രതിവാദങ്ങൾ.
ഒടുവിൽ 2026 നവംബർ 19. കേരള രാഷ്ട്രീയം ഉറ്റുനോക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചു. വിധിയിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതിൽ ഏഴുപേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 18 പ്രതികളെ വെറുതെ വിട്ടു.
ഏറ്റവും ശ്രദ്ധേയമായത്, കേസിൽ പ്രതികളായിരുന്ന സിപിഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും കോടതി കുറ്റവിമുക്തരാക്കി എന്നതാണ്. ഇരുവർക്കുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
ഒന്നാം പ്രതി കെ.വി. സുമേഷ് ഉൾപ്പെടെ 13 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. അങ്ങനെ ഒരു പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിൽ നിർണായകമായൊരു അധ്യായം കൂടി അവസാനിക്കുകയാണ്. എന്നാൽ ഇവിടെ ഉയരുന്ന ചോദ്യം മറ്റൊന്നാണ്. മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദനയ്ക്ക് എന്താണ് പകരം നൽകാനാവുക?
കോടതിവിധിക്ക് നിയമപരമായ പ്രസക്തിയുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവർ ശിക്ഷിക്കപ്പെടണം. കുറ്റം തെളിയാത്തവർ നിയമപരമായി കുറ്റവിമുക്തരാകുകയും വേണം. എന്നാൽ ആത്തിക്കയ്ക്ക് നഷ്ടപ്പെട്ടത് തിരിച്ചുകിട്ടാത്ത മകനെയാണ്. ഷുക്കൂർ ഇനി തിരിച്ചുവരില്ല… ആ അമ്മയുടെ കണ്ണീരിനും ഒരു കോടതിവിധിക്കും ഒരിക്കലും ഒരേ അർഥമാകില്ല. പക്ഷേ, മകന് നീതി ലഭിക്കണമെന്ന പ്രതീക്ഷയിൽ ഒരു അമ്മ നടത്തിയ പോരാട്ടം കേരളത്തിന്റെ നീതിന്യായ ചരിത്രത്തിൽ അടയാളപ്പെട്ടുകഴിഞ്ഞു.
കാവ്യാ ദേവദേവൻ
