വാഷിംഗ്ടൺ ഡിസി: ലോക ജനസംഖ്യാ ചിത്രം മാറിമറിയുമെന്ന് പ്യൂ റിസർച്ച് പഠനം. നിലവിലെ ജനസംഖ്യാ വളർച്ച തുടരുകയാണെങ്കിൽ 2035-ഓടെ ക്രൈസ്തവ മതത്തെ മറികടന്ന് ഇസ്ലാം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറുമെന്ന് പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ പഠനം വ്യക്തമാക്കുന്നു. 2070 ആകുമ്പോഴേക്കും ലോകത്ത് 360 കോടിയിലധികം മുസ്ലിംകളും 300 കോടിയോളം ക്രൈസ്തവരുമുണ്ടാകുമെന്നാണ് പ്രവചനം.
കഴിഞ്ഞ 25 വർഷമായി മതജനസംഖ്യയെക്കുറിച്ചുള്ള ആധികാരിക റിപ്പോർട്ടുകൾ പുറത്തുവിടുന്നതും വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ഗവേഷണസ്ഥാപനമാണ് പ്യൂ. 2020-നും 2070-നും ഇടയിൽ ലോക ജനസംഖ്യയിൽ 29 ശതമാനം വർധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഈ കാലയളവിൽ ക്രൈസ്തവരുടെ എണ്ണത്തിൽ 30 ശതമാനവും മുസ്ലിംകളുടെ എണ്ണത്തിൽ 80 ശതമാനവും വളർച്ചയുണ്ടാകുമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. മതപരിവർത്തനത്തേക്കാൾ ഉപരിയായി, അതത് വിശ്വാസസമൂഹങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണമാണ് പ്രധാന മതങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ മാറ്റങ്ങൾ
2020-നും 2070-നും ഇടയിൽ ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണത്തിൽ 17.6 കോടിയുടെ വർധനവുണ്ടാകും. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ എണ്ണം 120 കോടിയിൽ നിന്ന് 140 കോടിയായി ഉയരും.അതേസമയം, ലോക ജനസംഖ്യയിലെ ഹിന്ദുക്കളുടെ ശതമാനം 15-ൽ നിന്ന് 14 ആയി നേരിയ തോതിൽ കുറയും.
2020-ൽ ഇന്ത്യയിലെ ജനസംഖ്യയുടെ 79.4 ശതമാനമായിരുന്ന ഹിന്ദു വിഭാഗം 2070-ഓടെ 75.8 ശതമാനമായി മാറും. മുസ്ലിംകളുടെ എണ്ണം 15.2 ശതമാനത്തിൽ നിന്ന് 19.6 ശതമാനമായി ഉയരും. ലോകത്ത് ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ള അഞ്ചാമത്തെ രാജ്യമായി അമേരിക്ക മാറും. നേപ്പാളും ഇന്ത്യയും മാത്രമായിരിക്കും ഹിന്ദു ഭൂരിപക്ഷ രാജ്യങ്ങളായി തുടരുക.
മറ്റ് പ്രധാന കണ്ടെത്തലുകൾ
2020-2025 കാലയളവിൽ ഒരു സ്ത്രീക്ക് ശരാശരി 3.1 കുട്ടികൾ എന്നതായിരുന്നു മുസ്ലിങ്ങളുടെ പ്രത്യുത്പാദന നിരക്ക്. ക്രൈസ്തവരുടേത് 2.5-ഉം മറ്റുള്ളവരുടേത് 1.6-ഉം ആണ്. 2070-ഓടെ ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള രാജ്യമായി പാകിസ്ഥാൻ മാറും. ഇന്ത്യ, നൈജീരിയ, ഇന്തോനേഷ്യ എന്നിവയാണ് തൊട്ടുപിന്നിൽ. നിലവിൽ ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതൽ മുസ്ലിംകളുള്ളത്.
സബ്-സഹാറൻ ആഫ്രിക്കയിലായിരിക്കും 2070-ൽ പകുതിയിലധികം ക്രൈസ്തവരും ഉണ്ടാവുക. ക്രൈസ്തവ ജനസംഖ്യയിൽ അമേരിക്കയെ മറികടന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ഒന്നാമതെത്തും. അമേരിക്കയിൽ ക്രൈസ്തവർ തന്നെയായിരിക്കും വലിയ വിഭാഗമെങ്കിലും അവർ ഭൂരിപക്ഷമായിരിക്കില്ല.
ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ ജനസംഖ്യാ കുറവ് കാരണം ബുദ്ധമത വിശ്വാസികളുടെ എണ്ണത്തിലും ശതമാനത്തിലും കുറവുണ്ടാകും. മതവിശ്വാസമില്ലാത്തവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടാകും. ചൈന ഒഴികെയുള്ള രാജ്യങ്ങളിൽ 2070-ഓടെ ഇവരുടെ എണ്ണത്തിൽ 18 കോടിയിലധികം വർധനവുണ്ടാകും. ചെക്ക് റിപ്പബ്ലിക്, ജപ്പാൻ, നെതർലാൻഡ്സ്, ന്യൂസിലൻഡ്, ഉറുഗ്വേ, വിയറ്റ്നാം എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിലവിൽ ഇവരാണുള്ളത്.
