പതിമൂന്നുകാരനെ ഓണ്‍ലൈനിലൂടെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ചു; 19 കാരന്‍ അറസ്റ്റിൽ

ഡാളസ്: പതിമൂന്നുകാരനെ ഓണ്‍ലൈനിലൂടെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ച 19 കാരന്‍ പോലീസ് ഒരുക്കിയ കെണിയില്‍ വീണു. ഓണ്‍ലൈനില്‍ 13കാരനായി നടിച്ചു മുപ്പത്തിയഞ്ച് മിനിട്ടിനുള്ളില്‍ യുവാവിനെ സ്വാധീനക്കാന്‍ കഴിഞ്ഞതായി കോളന്‍ കൗണ്ടി പോലീസ് അധികൃതര്‍ അറിയിച്ചു.

14 വയസിനു താഴെയുള്ളവരുമായി ഓണ്‍ലൈന്‍ സോളിസിറ്റേഷന്‍ എന്ന ചാര്‍ജാണ് 19 കാരനായ ഫ്രോഡ്രിക്ക് റാറ്റ് ക്ലിഫിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

ഓണ്‍ലൈനില്‍ ചാറ്റ് ഫോറത്തിലൂടെ കോളിന്‍ കൗണ്ടി ബിസിനസ് പാര്‍ക്കിംഗ് ലോട്ടില്‍ കണ്ടുമുട്ടാമെന്നാണ് ഫ്രെഡ്രിക്ക് കുട്ടിയോട് പറഞ്ഞത്. ഇതനുസരിച്ച് പറഞ്ഞ സമയത്തു തന്നെ യുവാവ് പാര്‍ക്കിംഗ് ലോട്ടിലെത്തി. യുവാവിന്‍റെ വരവ് പ്രതീക്ഷിച്ചു നിന്നിരുന്ന അണ്ടര്‍ കവര്‍ ഓഫീസറും സംഘവും ഇയാളെ കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഷെറിഫ് ഓഫീസ് അറിയിച്ചു.

ഇന്‍റർനെറ്റ് സൗകര്യങ്ങള്‍ വര്‍ധിച്ചത് കുട്ടികള്‍ക്ക് അപകടകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും എല്ലാ മാതാപിതാക്കളും കുട്ടികളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റി അക്കൗണ്ടുകള്‍ പരിശോധിച്ചു സുരക്ഷ ഉറപ്പാക്കണമെന്നും ഷെറിഫ് ജിം സ്‌ക്കിന്നര്‍ മുന്നറിയിപ്പു നല്‍കി.

പിടിയിലായ യുവാവിന് 20000 ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.ഓണ്‍ലൈനില്‍ അണ്ടര്‍കവര്‍ ഓഫീസര്‍മാര്‍ കയറി ഇത്തരം നിരവധി കേസുകള്‍ വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ അനധികൃത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഷെറിഫ് അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related posts