പാചകം ചെയ്യുന്ന രീതി ആളുകളെ കാണിച്ച് കാശുണ്ടാക്കുന്നവര്‍! വില്ലേജ് ഫുഡ് ഫാക്ടറിയ്ക്കിന്നുള്ളത് ലക്ഷക്കണക്കിനാരാധകര്‍; അറിയാം അറുമുഖനേയും മകനേയും കുറിച്ച്

പലതരത്തില്‍ കാശുണ്ടാക്കുന്നവരുണ്ട് ലോകത്തില്‍. എന്നാല്‍ പാചകം വീഡിയോയിലാക്കി അത് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് കാശുണ്ടാക്കുന്ന ഒരച്ഛനും മകനുമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രശസ്തരായിരിക്കുന്നത്. അറുമുഖന്‍ എന്ന അച്ഛനും ഗോപിനാഥന്‍ എന്ന മകനും ചേര്‍ന്നു പാചകം ചെയ്ത് അത്രയ്ക്കു കൊതിപ്പിക്കുന്നുണ്ട് ആളുകളെ. വ്യത്യസ്ഥമായ വിഭവങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ് ഇവരുടെ വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനല്‍.

വലിയ മുട്ടനാടിന്റെ കാല്‍ കറിവച്ചത്, 300 മുട്ട കൊണ്ടു ബുള്‍സൈ, 100 ചിക്കന്‍ ലിവര്‍ കൊണ്ടു ഫ്രൈ, തനിനാടന്‍ കെഎഫ്‌സി ചിക്കന്‍ അങ്ങനെ നീളുന്നു ഇവരുടെ ലിസ്റ്റ്. അച്ഛന്‍ പാചകം ചെയ്യും, മകന്‍ അതു ഷൂട്ട് ചെയ്യും. യൂട്യൂബില്‍ വീഡിയോ ഇട്ടു നിമിഷ നേരം കൊണ്ടു കാഴ്ചക്കാരുടെ എണ്ണം പതിനായിരങ്ങള്‍ കടക്കും. 100 മില്ല്യണിലധികം കാഴ്ച്ചക്കാരും ഒരു ദശലക്ഷം സബ്സ്‌ക്രൈബേഴ്സുമുണ്ട് ചാനലിനിപ്പോള്‍. തുടക്കത്തില്‍ 50 ലക്ഷം പേര്‍ ഒരു വീഡിയോ കണ്ടപ്പോള്‍ 1,50,000 രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്.

ഇതിലെ പ്രത്യേകത ഇതൊന്നുമല്ല. അച്ഛനും മകനും ഒഴിഞ്ഞ പറമ്പില്‍ നാടന്‍ രീതിയില്‍ അടുപ്പു കൂട്ടി കൈലി ഉടുത്ത്, തനി നാടാന്‍ രീതിയിലാണ് പാചകം നടത്തുന്നത്. ചെങ്കല്‍ പേട്ടയില്‍ ചെറിയൊരു ബിരിയാണിക്കടയുടെ ഉടമയായിരുന്നു അറുമുഖന്‍. ബിരിയാണിക്കടയിലെ ചെറിയ വരുമാനം കൊണ്ടാണു മകന്‍ ഗോപിനാഥനെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ വരെ പഠിപ്പിച്ചതും കുടുംബം നോക്കിയതും.

അറുമുഖനു സിനിമയായിരുന്നു മോഹം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതു നടന്നില്ല. ഇതോടെ അച്ഛന്റെ പാചക താത്പര്യവും മകന്റെ വീഡിയോ പ്രോഡക്ഷന്‍ എന്ന മോഹവും ഒന്നിച്ചു ചേര്‍ന്നു വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനല്‍ രൂപം കൊള്ളുകയായിരുന്നു. ഇവരുടേതായി ഒരു വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത് കാത്തിരിക്കുകയാണ് ഇന്നാളുകള്‍. അത്രയ്ക്ക് ഡിമാന്റാണ് അറുമുഖന്റേയും മക്കളുടെയും വീഡിയോയ്ക്ക്.

 

 

Related posts