മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ താരമാണ് ആശാ ശരത്. കുങ്കുമപ്പൂവ് എന്ന സീരിയലിലെ പ്രൊഫസർ ജയന്തി എന്ന ആശാ ശരതിന്റെ കഥാപാത്രം അത്ര വേഗത്തിൽ മലയാളികൾ മറന്ന് പോകില്ല. ദുബായിയിൽ നിന്നും ഷൂട്ടിനായി താരം വന്നുപോവുന്നതിന്റെ ചിലവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘കുങ്കുമപ്പൂവിൽ അഭിനയിച്ചിരുന്ന ആ കാലത്ത് എനിക്കു പ്രതിഫലമായി കിട്ടിയിരുന്നത് ഒരു ദിവസത്തിന് 4,500 ആയിരുന്നു. അവസാനമായപ്പോഴേക്കും 5,500 ദിവസത്തിന് ഒക്കെയായി മാറിയിരുന്നു. അന്ന് എനിക്ക് ദുബായിൽ നിന്നു വന്നുപോവാനുള്ള ഫ്ളൈറ്റ് ടിക്കറ്റ് അവർക്ക് താങ്ങാൻ കഴിയുമായിരുന്നില്ല. ദുബായിൽ നിന്നുവന്ന് ചെയ്യുമ്പോൾ ഒരു ലക്ഷത്തോളം ടിക്കറ്റ് വില വരുമായിരുന്നു.
ഞാൻ തന്നെയായിരുന്നു നാലു വർഷത്തോളം എന്റെ ടിക്കറ്റ് എടുത്തിരുന്നത്. ആ സീരിയൽ ഞാൻ പണത്തിനു വേണ്ടി ചെയ്തതല്ല. കോസ്റ്റ്യൂം, ജ്വല്ലറി എന്നിവയൊക്കെ നമ്മൾ തന്നെയെടുക്കണമായിരുന്നു. അത്രത്തോളം അതിനോട് കമിറ്റഡായിരുന്നു ഞാൻ. ആ കഥാപാത്രം ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിൽ എന്നെ എത്തിക്കുകയും ചെയ്തു’ എന്ന് ആശ ശരത് പറഞ്ഞു.
