വാളയാറിലെ പെണ്‍കുട്ടികളേയും മിഷേലിനെയും അധിക്ഷേപിച്ച് ഡിവൈഎഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്! പ്രതിഷേധവുമായി സംവിധായകന്‍ ആഷിഖ് അബു

southlive_2017-03_bb26723e-559e-4697-aba8-8eade8b5a0d6_rmischel

വാളയാറില്‍ കൊല്ലപ്പെട്ട സഹോദരിമാരെയും കൊച്ചിയില്‍ മരിച്ച മിഷേല്‍ ഷാജിയെയും അധിക്ഷേപിച്ച് പോസ്റ്റിട്ട ഡിവൈഎഫ്‌ഐ നേതാവിനെതിരെയാണ് നടന്‍ ആഷിഖ് അബു രംഗത്തെത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം റോബര്‍ട്ട് ജോര്‍ജാണ് പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടത്. മിഷേലിന് നീതിവേണമെന്നാവശ്യപ്പെട്ട് നവമാധ്യമങ്ങളിലടക്കം പ്രചരണം നടക്കുന്ന സമയത്താണ് റോബര്‍ട്ട് ജോര്‍ജ് പെണ്‍കുട്ടികളുടെ മരണത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും പഴിചാരുന്നതിനെതിരെ രംഗത്തെത്തിയത്്.

വാളയാറില്‍ സഹോദരിമാര്‍ കൊല്ലപ്പെട്ടത് അവരുടെ ബന്ധു കാരണമാണെന്നും മിഷേല്‍ മരിച്ചത് കൊച്ചിയിലെ മോശം കൂട്ടുകെട്ടുകാരണമാണെന്നുമാണ് ഇയാള്‍ തന്റെ പോസ്റ്റില്‍ വിശദീകരിക്കുന്നത്. ഇതിനെതിരെയാണ് യുവസംവിധായകന്‍ ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചത്. നാട്ടില്‍ ക്രിമിനലുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെ തന്നെയാണ് ജനങ്ങള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതെന്നും നിര്‍ത്തേണ്ടതെന്നും അതുപോലും മനസിലാക്കാന്‍ കഴിയാത്ത ഈ ജില്ലാകമ്മിറ്റി മെമ്പര്‍ക്ക് അടിയന്തിരമായി സ്റ്റഡി ക്ലാസ് നല്‍കണമെന്നുമാണ് ആഷിഖ് അബു പറയുന്നത്. ഡിവൈഎഫ്‌ഐ നേതാവിന്റെ പോസ്റ്റിനെക്കുറിച്ച് വിശദീകരിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്തയോട് ചേര്‍ത്താണ് ആഷിഖ് അബു ഈ പോസ്റ്റിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ സൈറ്റില്‍ വന്ന വാര്‍ത്ത വായിക്കാം

വാളയാറില്‍ കൊല്ലപെട്ട സഹോദരിമാരെയും മിഷേല്‍ ഷാജിയേയും അധിക്ഷേപിച്ച് ഡിവൈഎഫ്ഐ നേതാവ്. ഫെയ്സ്ബുക്കിലാണ് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം റോബര്‍ട്ട് ജോര്‍ജ് പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഇട്ടത്. മിഷേലിന് നീതിവേണമെന്നാവശ്യപെട്ട് നവമാധ്യമങ്ങളിലടക്കം പ്രചരണം നടക്കുന്ന സമയത്താണ് റോബര്‍ട്ട് ജോര്‍ജ് പെണ്‍കുട്ടികളുടെ മരണത്തില്‍ സര്‍ക്കാരിനെയും പൊലീസിനെയും പഴിചാരുന്നതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

മിഷേല്‍ ആത്മഹത്യ ചെയ്തത് കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടതിനാലാണെന്നാണ് ഡിവൈഎഫ്ഐ നേതാവിന്റെ കണ്ടെത്തല്‍. നാല് വര്‍ഷമായി വാളയാറിലെ വീട്ടില്‍ താമസിക്കുന്ന ബന്ധുകാരണമാണ് വാളയാറിലെ സഹോദരി കൊല്ലപെട്ടതെന്നും ഇത് ശ്രദ്ധിക്കാത്തത് കുട്ടികളുടെ മാതാപിതാക്കളുടെ തെറ്റാണെന്നും റോബര്‍ട്ട് ഫെയ്സ്ബുക്കില്‍ പറഞ്ഞു. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട് കാര്യമില്ലെന്നു റോബര്‍ട്ട് പ്രതികരിച്ചു. വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മരണത്തിലും കൊച്ചിയില്‍ കായലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണത്തിലും പൊലീസിനും സര്‍ക്കാരിനുമെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ഇരുവീട്ടുകാരും ആരോപിച്ചിരുന്നു.

വാളയാറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ആദ്യ പെണ്‍കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍പീഡനം സംബന്ധിച്ച് സൂചനയുണ്ടായിട്ടും പൊലീസ് അന്വേഷിക്കാത്തതില്‍ നവമാധ്യമങ്ങളിലുള്‍പെടെ പൊലീസിനെ പ്രതികൂട്ടിലാക്കി ചര്‍ച്ച നടന്നിരുന്നു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പൊലീസ് അലംഭാവം കാണിക്കുകയാണെന്ന വാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെയിലാണ് ഇരു കേസുകളിലും അന്വോഷണം പുരോഗമിക്കവെ കുറ്റക്കാര്‍ പെണ്‍കുട്ടികളും കുടുംബവും മാത്രമാണെന്ന് വിധി എഴുതിയ ഡിവൈഎഫ്ഐ നേതാവിന്റെ പ്രതികരണം.

റോബര്‍ട്ട് ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വാളയാറിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കെട്ടിത്തൂക്കുകയും ചെയ്തത് ആരാ. ‘ആ വീട്ടില്‍ താമസിക്കുന്ന ബന്ധു’. ഇവന്‍ നാല് വര്‍ഷമായി അവിടെ താമസിക്കുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിച്ചില്ല. എന്നിട്ട് ഇതെല്ലാം സംഭവിച്ചപ്പോള്‍ പൊലീസിനും സര്‍ക്കാരിനും കുറ്റം. മിഷേല്‍ ആത്മഹത്യ ചെയ്തു. എന്താ കാരണം. കൊച്ചിയിലെ മോശം കൂട്ടുകെട്ടില്‍ ചെന്നു പെട്ടു. അതല്ലേ സത്യം. കൂറ്റം ആര്‍ക്കാ, സര്‍ക്കാരിന്. എനിക്കിതില്‍ വിയോജിപ്പുണ്ട്. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ല

Related posts