ആരോഗ്യത്തിനു ഗുണകരമായ കൊഴുപ്പ്, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ ഫലമാണ് അവക്കാഡോ. വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അവക്കാഡോയിലുണ്ട്.
ഹൃദയാരോഗ്യത്തിന്
അവക്കാഡോയിൽ പ്രധാനമായും മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പാണുള്ളത്. പൂരിത കൊഴുപ്പിനു പകരം ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരം.
കൊളസ്ട്രോൾ നിയന്ത്രണം
അവക്കാഡോയിലെ ആരോഗ്യകരമായ കൊഴുപ്പും നാരുകളും രക്തത്തിലെ എൽഡിഎൽ എന്ന മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകം. എന്നാൽ കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നിനു പകരം അവക്കാഡോ മാത്രം കഴിക്കുന്നത് മതിയാകില്ല. ഇക്കാര്യത്തിൽ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കണം.
രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് സഹായം:
അവക്കാഡോയിൽ കാർബോഹൈഡ്രേറ്റ് താരതമ്യേന കുറവും നാരുകൾ കൂടുതലുമാണ്. അതിനാൽ സാധാരണയായി രക്തത്തിലെ പഞ്ചസാര വളരെ വേഗത്തിൽ ഉയർത്തുന്ന ഭക്ഷണമല്ല. അതിലെ നാരുകൾ ഭക്ഷണത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും സഹായിക്കും. എന്നിരുന്നാലും, പ്രമേഹമുള്ളവർ അവക്കാഡോ കഴിക്കുന്നതിലെ അളവ് ശ്രദ്ധിക്കണം. കാരണം അവക്കാഡോയിൽ കലോറി കൂടുതലാണ്. പ്രമേഹത്തിനുള്ള മരുന്നിനോ ചികിത്സയ്ക്കോ ഇത് പകരമല്ല.
മലബന്ധം കുറയ്ക്കാൻ സഹായകം
അവക്കാഡോയിലെ ഡയറ്ററി നാരുകൾ മലബന്ധം കുറയ്ക്കാനും കുടലിന്റെ ആരോഗ്യകരമായ പ്രവർത്തനങ്ങൾക്കും സഹായകം.
രക്തസമ്മർദം സാധാരണ തോതിൽ നിലനിർത്തുന്നു
അവക്കാഡോയിൽ പൊട്ടാസ്യം നല്ല തോതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദ്രാവകസന്തുലനം, പേശികളുടെ പ്രവർത്തനം, നാഡികളുടെ പ്രവർത്തനം, സാധാരണ രക്തസമ്മർദം എന്നിവയിൽ പൊട്ടാസ്യം പ്രധാന പങ്കുവഹിക്കുന്നു.
കണ്ണുകളുടെ ആരോഗ്യത്തിന്
അവക്കാഡോയിൽ ല്യൂട്ടീൻ, സിയാക്സാന്തിൻ തുടങ്ങിയ കരോട്ടിനോയ്ഡുകളുണ്ട്. ഇവ കണ്ണിലെ ചില കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനു ഗുണകരം. എന്നാൽ കണ്ണുരോഗങ്ങൾക്കുള്ള മരുന്നായി അവക്കാഡോയെ കാണരുത്.
വിശപ്പ് നിയന്ത്രിക്കാൻ സഹായകം
കൊഴുപ്പും നാരുകളും ഉള്ളതിനാൽ അവക്കാഡോ കഴിച്ചാൽ കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ സാധ്യതയുണ്ട്. അതിനാൽ ശരിയായ അളവിൽ ഉപയോഗിച്ചാൽ അനാവശ്യമായി ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതു കുറയ്ക്കാം.
എങ്ങനെ കഴിക്കാം?
അവക്കാഡോ പച്ചയായി തന്നെ കഴിക്കാം. പഞ്ചസാര, തേൻ, ഐസ്ക്രീം തുടങ്ങിയവ ചേർത്ത് കഴിക്കുന്നതിനേക്കാൾ, സാലഡ് പോലുള്ള ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് ഗുണകരം.
*സാലഡിൽ ചേർക്കാം
*ചപ്പാത്തിയോടൊപ്പം കഴിക്കാം
- ബ്രെഡിൽ തേച്ച് ഉപയോഗിക്കാം
- തൈരിനൊപ്പം ചേർക്കാം
- പഞ്ചസാര ചേർക്കാതെ സ്മൂത്തിയിൽ ഉപയോഗിക്കാം
അമിതമാകരുത്….
അവക്കാഡോ പോഷകസന്പന്നമാണെങ്കിലും എത്ര കൂടുതൽ കഴിച്ചാലും നല്ലത് എന്നല്ല. 100 ഗ്രാം അവക്കാഡോയിൽ ഏകദേശം 160 കിലോകലോറി ഊർജം ഉണ്ട്. അതിനാൽ അമിതമായി കഴിച്ചാൽ ശരീരത്തിലെത്തുന്ന മൊത്തം കലോറി കൂടുതലാകും. ദിവസം പകുതി അവക്കാഡോ കഴിക്കാം.
