ഇന്ത്യക്ക് ഹോങ്കോംഗില്‍ നിരാശ; സിന്ധുവും സമീര്‍ വര്‍മയ്ക്കും ഫൈനലില്‍ തോല്‍വി

badminton1ഹോങ്കോംഗ്: നല്ലൊരു ഞായറിനായി കാത്തിരുന്ന ഇന്ത്യക്കു ഹോംങ്കോഗ് സമ്മാനിച്ചത് നിരാശ. ഹോങ്കോംഗ് ഓപ്പണ്‍ സീരിസ് ബാഡ്മിന്റണില്‍ ഇരട്ടക്കിരീടം പ്രതീക്ഷിച്ച ഇന്ത്യയുടെ മോഹങ്ങള്‍ തകര്‍ന്നു. ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവും ലോക മൂന്നാം റാങ്കുമായ പി.വി. സിന്ധുവും ദേശീയ ചാമ്പ്യന്‍ സമീര്‍ വര്‍മയും പുരുഷ, വനിത സിംഗിള്‍സ് ഫൈനലുകളില്‍ പരാജയപ്പെട്ടു.

തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരിസ് കിരീടം ലക്ഷ്യമാക്കിയിറങ്ങിയ സിന്ധുവിനെ വനിതാ സിംഗിള്‍സില്‍ ചൈനീസ് തായ്‌പേയുടെ തായ് സു യിംഗിനോടു 21–15, 21–17ന് കീഴടങ്ങി. പുരുഷ സിംഗിള്‍സില്‍ വര്‍മയെ ഹോങ്കോംഗിന്റെ ലോംഗ് അന്‍ഗസ് മൂന്നു ഗെയിമുകള്‍ക്കു തകര്‍ത്തു. 21–14, 10–21, 21–11നായിരുന്നു ഹോംങ്കോഗ് താരത്തിന്റെ ജയം.

സിന്ധുവിനെതിരേയുള്ള ജയം സൂ യിംഗിന്റെ മധുരപ്രതികാരമായിരുന്നു. റിയോ ഒളിമ്പിക്‌സില്‍ സിന്ധു സൂ യിംഗിനെ തോല്‍പ്പിച്ചിരുന്നു. ഈ ജയത്തോടെ സിന്ധുവിനെതിരേയുള്ള റിക്കാര്‍ഡ് 5–3 ആക്കി ഉയര്‍ത്തി.

മത്സരത്തിന്റെ തുടക്കം മുതലേ തായ്‌പേ താരം ലീഡ് ചെയ്തു. വലിയ ബുദ്ധിമുട്ട് കൂടാതെ ഗെയിമും സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ സിന്ധു പൊരുതിയെങ്കിലും സു യിംഗിന്റെ സ്‌ട്രോക്ക് പ്ലേയ്ക്കു മുന്നില്‍ ഇന്ത്യന്‍ താരം അടിപതറി.

ആദ്യ സൂപ്പര്‍ സീരീസ് ഫൈനലിനിറങ്ങിയ വര്‍മ പൊരുതി കീഴടങ്ങുകയായിരുന്നു. ആദ്യ ഗെയിമില്‍ സ്വന്തം കാണികളുടെ മുന്നില്‍ കളിച്ച അന്‍ഗസ് അതിവേഗം മുന്നേറി. വെറും പതിനഞ്ചു മിനിറ്റില്‍ വര്‍മ ഗെയിം അടിയറവു വച്ചു. രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരം ശക്തമായി തിരിച്ചടിച്ചു. ലീഡ് വിട്ടു കൊടുക്കാതെ കളിച്ച ഇന്ത്യന്‍ താരം രണ്ടാം ഗെയിം സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ കാണികളുടെ പിന്തുണയുടെ അകമ്പടിയോടെ കളിച്ച അന്‍ഗസ് തുടക്കത്തില്‍ ലീഡ് നേടി. ലീഡ് വിട്ടുകൊടുക്കാത കളിച്ച ഹോങ്കോംഗ് താരം ഗെയിമും കിരീടവും സ്വന്തമാക്കി.

Related posts