അന്ന് ഞാന്‍ ലക്ഷ്മിയോട് പറഞ്ഞു, ഒന്നുകില്‍ വീട്ടിലേക്ക് പോകാം, അല്ലെങ്കില്‍ എനിക്കൊപ്പം വരാം, കൈയില്‍ ഡ്രസോ ജോലിയോ ഇല്ലാതെ ലക്ഷ്മി ബാലഭാസ്‌കറിനൊപ്പം ജീവിതം തുടങ്ങിയ കഥ

മലയാളത്തിന് എത്രമാത്രം പ്രിയങ്കരനായിരുന്നു ബാലഭാസ്‌കര്‍ എന്ന സംഗീതജ്ഞനെന്ന് മലയാളികള്‍ ഇന്നു മനസിലാക്കുന്നു. കരിയറിന്റെ നല്ല കാലത്ത് ജീവിതത്തിന് വിരാമമിട്ട് ബാലഭാസ്‌കര്‍ പോകുമ്പോള്‍ ഭാര്യ ലക്ഷ്മി ഒറ്റയ്ക്കായി. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇപ്പോഴും അത്ഭുതമാണ് ഇരുവരുടെയും പ്രണയം. സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാത്ത കാലഘട്ടത്തില്‍ ബാലുവിനൊപ്പം ചേര്‍ന്ന ലക്ഷ്മിയുടെ കഥയാണ് ഇനി. പണ്ടൊരു അഭിമുഖത്തില്‍ ബാലഭാസ്‌കര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലായിരുന്നു ബാലഭാസ്‌കര്‍ പഠിച്ചത്. ഈ സമയത്ത് സഹപാഠിയായിരുന്നു ലക്ഷ്മി. ഒരു ക്രിസ്മസ് അവധിക്ക് അവളുടെ കല്യാണം നിശ്ചയിക്കാന്‍ പോകുകയാണ്. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാത്തവസ്ഥയായിരുന്നു മറ്റ് മാര്‍ഗങ്ങള്‍ ഒന്നും തന്നെ എന്റെ മുന്നില്‍ ഇല്ലായിരുന്നു. അവളോടൊന്നും പറയാതെ ഞാനും എന്നെ ട്യൂഷന്‍ പഠിപ്പിക്കുന്ന വിജയ മോഹന്‍ സാറുമായി ലക്ഷ്മിയുടെ വീട്ടില്‍ പോയി. കെട്ടിച്ചു തരുമോയെന്ന് അറിയാനുള്ള യാത്ര.

ഒരാളുമായി അവള്‍ പ്രണയത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ അറിഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ അവര്‍ക്ക് എന്നെ അറിയില്ല. അന്ന് ഇതിനെക്കാളും വൃത്തികെട്ട കോലമായിരുന്നു എന്റേത്. വിജയ മോഹന്‍ സാറു കൂടി വരാമെന്ന് ഏറ്റതോടെ ഞങ്ങള്‍ അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു. വീട്ടില്‍ ലക്ഷ്മിയുടെ അച്ഛന്‍ ഉണ്ടായിരുന്നു. ‘സാറ് കാര്യങ്ങള്‍ സംസാരിച്ചു. കുറച്ചുനാള്‍ കാത്തിരിക്കാം. ജോലിയൊക്കെയായിട്ട് പതുക്കെ മതിയെന്ന് സാറ് പറഞ്ഞു. എന്നാല്‍ അവര്‍ സമ്മതിച്ചില്ല.

പിറ്റേദിവസം കോളജിലെത്തി ലക്ഷ്മിയോട് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. നിനക്കിന്ന് വീട്ടില്‍ പോകുകയാണെങ്കില്‍ പോകാം പക്ഷേ ഇനി നിനക്ക് തിരിച്ച് കോളേജിലേക്ക് വരാന്‍ സാധിക്കില്ല. അതുകൊണ്ട് നിനക്ക് രണ്ട് ചോയ്‌സ് ഉണ്ട്. ഒന്നുകില്‍ നിനക്ക് വീട്ടിലേക്ക് പോകാം, അല്ലെങ്കില്‍ എന്റെ കൂടെ വരാം. എന്റെ കൂടെ വരികയാണെന്നുണ്ടെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ ശ്രമിക്കാം.’- ബാലഭാസ്‌കര്‍ ലക്ഷ്മിയോട് പറഞ്ഞു.

തുടക്കത്തില്‍ വിവാഹത്തിന് ലക്ഷ്മി തയ്യാറായിരുന്നില്ല. കാരണം എനിക്കും അവള്‍ക്കും ജോലിയില്ല, ഡ്രസില്ല, കയ്യില്‍ സര്‍ട്ടിഫിക്കറ്റൊന്നുമില്ല. എന്റെ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കാന്‍ പറ്റിയ നല്ല ഫ്രണ്ടായിരുന്നു ലക്ഷ്മി. ഒരു കാര്യം ഞാന്‍ ഉറപ്പ് പറയാം നിന്നെ പട്ടിണിക്കിടില്ല; വയലിന്‍ ട്യൂഷന്‍ എടുത്തായാലും നമുക്ക് ജീവിക്കാം. ആ ഉറപ്പായിരുന്നു അവള്‍ എന്റെ ജീവിതത്തിലേക്ക് വരാന്‍ ഇടയായ സാഹചര്യം- ബാലഭാസ്‌കര്‍ പറയുന്നു. വിവാഹത്തിനുശേഷം പതിനാറു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇവര്‍ക്ക് കുഞ്ഞു പിറക്കുന്നത്. ഒടുവില്‍ ബാലഭാസ്‌കറും കുഞ്ഞും യാത്ര പിരിയുമ്പോള്‍ ലക്ഷ്മി ഒറ്റയ്ക്കായി.

Related posts