ആ യാഥാര്‍ഥ്യം ലക്ഷ്മിക്ക് അറിയാം; ബാലുവിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണത്തെക്കുറിച്ചും ബോധ്യമുണ്ട്; ലക്ഷ്മിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

തിരുവനന്തപുരം: അന്തരിച്ച വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. മകളും ഭര്‍ത്താവും ഒപ്പമില്ലെന്ന യാഥാര്‍ഥ്യം ലക്ഷ്മി മനസ്സിലാക്കിക്കഴിഞ്ഞു.

ഗുരുതരമായി അപകടത്തില്‍ തേജസ്വിനിയും ബാലയും പൊലിഞ്ഞപ്പോള്‍ കുടുംബത്തില്‍ അവശേഷിക്കുന്നത് ഇനി ലക്ഷ്മി മാത്രമാണ്. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലുള്ള ലക്ഷ്മിക്ക് ഇപ്പോള്‍ തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്.

ജീവിതത്തിലേക്ക് തിരികെ കയറാന്‍ ഇനിയും ആറേഴുമാസങ്ങള്‍ വേണ്ടിവരുമെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വീല്‍ചെയറിന്റെ സഹായത്തോടെയാണ് ലക്ഷ്മി ഇപ്പോള്‍ സഞ്ചരിക്കുന്നത്. സുഹൃത്തുക്കള്‍ അടങ്ങുന്നവര്‍ സുഖവിവരം അന്വേഷിച്ച് എത്തുന്നുണ്ട്.

അധികം സംസാരമില്ലങ്കിലും കാര്യങ്ങളെ കുറിച്ചെല്ലാം അവള്‍ക്ക് ബോധ്യമുണ്ട്. നടക്കാന്‍ സമയമെടുക്കും എന്നതൊഴിച്ചാല്‍ ആരോഗ്യസ്ഥിതി പൂര്‍ണമായും മെച്ചപ്പെട്ടതായാണു വിവരം. യാഥാര്‍ഥ്യങ്ങളോടു പൊരുത്തപ്പെട്ടു വരികയാണ് ഇപ്പോള്‍ ലക്ഷ്മി. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ലക്ഷ്മി ആശുപത്രി വിട്ടത്.

തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ലക്ഷ്മി പൊലീസില്‍ മൊഴി നല്‍കിയിരുന്നു. അപകടം നടക്കുമ്പോള്‍ സുഹൃത്ത് അര്‍ജുന്‍ ആണ് വാഹനം ഓടിച്ചിരുന്നെന്നായിരുന്നു ലക്ഷ്മിയുടെ മൊഴി. അതേസമയം ബാലഭാസ്‌കറായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു അര്‍ജുന്റെ മൊഴി. മൊഴികളിലെ വൈരുദ്ധ്യമാണ് കേസില്‍ ദുരൂഹതയുണ്ടെന്ന വാദം ഉയര്‍ത്തിയത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ പിതാവ് സി.കെ ഉണ്ണിയും അപകടമരണത്തില്‍ ചില സംശയങ്ങള്‍ അറിയിച്ച് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തു. പാലക്കാട്ടെ സ്വകാര്യ ആശുപത്രി ഉടമയുമായി ബാലഭാസ്‌കറിനു സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും അത് അന്വേഷിക്കണമെന്നുമാണ് പിതാവിന്റെ ആവശ്യം.

മാത്രമല്ല ബാലഭാസ്‌കറാണു വാഹനം ഓടിച്ചതെന്ന് അര്‍ജുന്‍ നുണ പറഞ്ഞത് എന്തിനാണെന്നും കുടുംബം ചോദിക്കുന്നുണ്ട്. പിതാവിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്താനാണു തീരുമാനമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ ഇന്നലെ അറിയിച്ചിരുന്നു. ഈ അന്വേഷണത്തെക്കുറിച്ചും ലക്ഷ്മിയ്ക്കു ബോധ്യമുണ്ട്.

്.ബാലഭാസ്‌കറിനു ശത്രുക്കളൊന്നും ഉള്ളതായി കുടുംബത്തിന് വ്യക്തതയില്ല. എന്നാല്‍ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്ന സംശയങ്ങളിലൂടെ ബാലഭാസ്‌കറിനോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടോ എന്നതു സംബന്ധിച്ച കാര്യങ്ങളിലും അന്വേഷണം നടക്കേണ്ടതുണ്ട്.

പത്തുവര്‍ഷമായി ബാലഭാസ്‌കറിനു പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നു എന്ന വിവരമാണു കുടുംബാംഗങ്ങള്‍ നല്‍കുന്നത്. ഒരു പ്രോഗ്രാമിനിടെയാണ് ബാലഭാസ്‌കറിനെ ഡോക്ടര്‍ പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് ബാലഭാസ്‌കറിനു വജ്രമോതിരം സമ്മാനമായി നല്‍കി എന്നാണു ലഭിക്കുന്ന വിവരം. പിന്നീട് പാലക്കാട്ടെ വീട്ടില്‍ ബാലഭാസ്‌കറിനു വയലിന്‍ പരിശീലനത്തിനായി അദ്ദേഹം സൗകര്യവും ഒരുക്കി നല്‍കി.

പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം എന്നാണു കുടുംബത്തിന്റെ പ്രധാന ആവശ്യം. എവിടെ നിന്നാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകള്‍ ആരംഭിക്കുന്നത്? എങ്ങനെയാണ് പാലക്കാടുള്ള ആയുര്‍വേദ ആശുപത്രി ഉടമയുമായി ബാലഭാസ്‌കറിനു ബന്ധം തുടങ്ങിയ കാര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

ഡോക്ടറുടെ കുടുംബത്തിലെ അംഗമാണ് അപകടസമയത്ത് കാറോടിച്ചിരുന്ന അര്‍ജുന്‍. എന്നാല്‍ ബാലഭാസ്‌ക്കറാണ് കാറോടിച്ചിരുന്നതെന്ന അര്‍ജുന്റെ മൊഴിയും, അര്‍ജുനാണ് കാറോടിച്ചിരുന്നതെന്ന ലക്ഷ്മിയുടെ മൊഴിയും പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടവുമായി ബന്ധപ്പെട്ടാണു സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു സംശയം ഉയര്‍ന്നത്.

ഈ കുടുംബവുമായി ബന്ധപ്പെട്ടു വലിയ സാമ്പത്തിക ഇടപാടുകള്‍ ബാലഭാസ്‌കര്‍ നടത്തിയിരുന്നു. അപകടം ഉണ്ടായതിനു പിന്നാലെ ബാലഭാസ്‌കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെടാന്‍ ബാലഭാസ്‌കറിന്റെ അച്ഛനും അമ്മയും ശ്രമം നടത്തിയിരുന്നു. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ വന്ന പുരോഗതി അന്വേഷണത്തെ സഹായിക്കുമെന്നു പ്രതീക്ഷിക്കാം.

Related posts