അപൂര്‍വ ഇനത്തില്‍പെട്ട 265 വവ്വാലുകളുമായി രണ്ടുപേര്‍ പിടിയില്‍; ശ്വാസം മുട്ടലിനുള്ള മരുന്ന് ഉണ്ടാക്കാന്‍ വേണ്ടിയാണ് പിടിച്ചതെന്ന് പിടിയിലായവര്‍

batsകട്ടപ്പന: അപൂര്‍വ ഇനത്തില്‍പെട്ട 265 വവ്വാലുകളുമായി രണ്ടുപേരെ വനപാലകര്‍ പിടികൂടി. കട്ടപ്പന വള്ളക്കടവ് കൊച്ചുമണ്ണൂര്‍ ബാബു ജോസഫ് (56), നരിയംപാറ പാലപ്ലാക്കല്‍ റെജി (48) എന്നിവരെയാണ് അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസര്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

അഞ്ചുരുളി തുരങ്കത്തിനുള്ളില്‍നിന്ന് വലയുപയോഗിച്ചാണ് വവ്വാലുകളെ പിടികൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിവരത്തെതുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ വ്യാഴാഴ്ച രാത്രി അഞ്ചുരുളിയില്‍നിന്നാണ് ഇവരെ പിടികൂടിയത്. വലയുപയോഗിച്ചു പിടികൂടി കൊന്ന വവ്വാലുകളെ ചാക്കിലാക്കി ഇവര്‍ കൈവശംവച്ചിരുന്നു.

പശ്ചിമഘട്ട മലനിരകളില്‍മാത്രം കാണുന്ന അപൂര്‍വ ഇനത്തില്‍പെട്ട ‘സലിം ആലിസ് ഫ്രൂട്ട് ബാറ്റ്’ വവ്വാലുകളെയാണ് ഇവര്‍ പിടിച്ചത്. ശ്വാസം മുട്ടലിനു മരുന്നായി ഇതിന്റെ ഇറച്ചി ഉപയോഗിക്കാനാണ് വവ്വാലുകളെ പിടിച്ചതെന്ന് പിടിയിലായവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോടു പറഞ്ഞു.

പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ റോയി വി. ജെയിന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ. ബഷീര്‍, ബീറ്റ് ഓഫീസര്‍ ജോജി ജോസഫ്, എന്‍.എ. മനോജ്, കെ.കെ. പ്രമോദ് എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Related posts