പിങ്ക് പെയിന്റ് ബെഹ്‌റയ്ക്ക് പണിയായി! സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഒരു കമ്പനിയുടെ പിങ്ക് പെയിന്റ് അടിക്കാന്‍ ഉത്തരവിറക്കി; അഴിമതിയെന്ന് ആരോപണം

behra-DGPതിരുവനന്തപുരം: സംസ്ഥാനത്തെ 420 ഓളം വരുന്ന പോലീസ് സ്റ്റേഷനുകളിലും ഒരു കന്പനിയുടെ പിങ്ക് പെയിന്‍റ് അടിക്കാൻ ഉത്തരവിറക്കിയ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നടപടി അഴിമതിയാണെന്ന് ആരോപണം. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയുടെ പരിഗണനയ്ക്ക് വന്നു. പായിച്ചിറ നവാസ് എന്നയാളാണ് പരാതിക്കാരൻ.

ടെൻഡർ വിളിക്കാതെ ഒരു കന്പനിയുടെ പെയിന്‍റ് വാങ്ങാൻ നിർദ്ദേശിച്ച മുൻ ഡിജിപിയുടെ നടപടി അഴിമതിയാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി പെയിന്‍റ് വാങ്ങുന്നതിന് ടെൻഡർ വിളിക്കേണ്ടത് ആവശ്യമല്ലേയെന്ന് വാക്കാൽ പരാമർശിച്ചു. എന്നാൽ ഹർജിയെ എതിർത്ത വിജിലൻസ് ഇക്കാര്യത്തിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും സർക്കാരിന് സാന്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്നും അറിയിച്ചു. വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ വിജിലൻസിനോട് നിർദ്ദേശിച്ച കോടതി കേസ് 20ന് പരിഗണിക്കുമെന്നും അറിയിച്ചു.

കഴിഞ്ഞ മാസം 26നാണ് ഡിജിപിയായിരുന്ന ബെഹ്റ ഒരു കന്പനിയുടെ പെയിന്‍റ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾക്ക് അടിക്കണമെന്ന ഉത്തരവിറക്കിയത്. നടപടിക്ക് പോലീസ് കണ്‍സ്ട്രക്ഷൻ കോർപ്പറേഷൻ മേൽനോട്ടം വഹിക്കുമെന്നായിരുന്നു നിർദ്ദേശം. ജില്ലാ പോലീസ് മേധാവികൾക്കാണ് ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചത്. ഇതിന് പിന്നാലെ പല പോലീസ് സ്റ്റേഷനുകളും ഡിജിപിയുടെ ഉത്തരവ് പാലിക്കുകയും പിങ്ക് പെയിന്‍റ് അടിക്കുകയും ചെയ്തിരുന്നു.

എന്നാൽ ടി.പി.സെൻകുമാർ ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയതോടെ ബെഹ്റയുടെ ഉത്തരവുകളെല്ലാം റദ്ദാക്കി. ഇതോടെ പിങ്ക് പെയിന്‍റ് അടിച്ച പോലീസ് സ്റ്റേഷനുകൾ വീണ്ടും വെട്ടിലായി. സെൻകുമാർ ഡിജിപിയായതോടെ ബെഹ്റയ്ക്ക് വിജിലൻസ് ഡയറക്ടർ സ്ഥാനമാണ് സർക്കാർ നൽകിയിരിക്കുന്നത്.

Related posts