മതി നിര്‍ത്തൂ! അവര്‍ക്കുമുണ്ട് മാനവും അഭിമാനവും; അവര്‍ വേദനിക്കുന്നത് ഞാന്‍ മനസിലാക്കുന്നു; അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യയെ ട്രോളുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

ചില അവസരങ്ങളില്‍ സോഷ്യല്‍മീഡിയയും ട്രോളന്മാരും സമൂഹത്തിന് ചെയ്യുന്നത് വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ്. ആംബുലന്‍സിന് സൈഡ് കൊടുക്കാതെ പാഞ്ഞ സ്വകാര്യ വാഹന ഉടമയെയും പട്ടാപ്പകല്‍ ഇടവഴിയില്‍ വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവിനെയും പോലീസിന്റെ പിടിയിലാക്കാന്‍ സോഷ്യല്‍മീഡിയയും ട്രോളന്മാരും വഹിച്ച പങ്ക് ചെറുതല്ല. എന്നാല്‍ ഇതേ സോഷ്യല്‍മീഡിയ പലരെയും പരിധിയില്ലാതെ അപമാനിക്കുന്നതിനും കാരണമായിട്ടുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീലയ്‌ക്കെതിരെ നടക്കുന്ന പരിഹാസങ്ങള്‍.

ഷീല കണ്ണന്താനത്തിനെതിരെയുള്ള ട്രോളുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ അവരെ ട്രോളുന്നവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ വിമര്‍ശനം. ആദ്യമതൊരു തമാശയായോ വിനോദമായോ ആയാണ് തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ അതിരുവിട്ട പരിഹാസമായി മാറിയില്ലേ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. നിങ്ങളുടെ തമാശ അവര്‍ക്ക് വേദനയാണെന്നുകൂടി മനസിലാക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഷീല കണ്ണന്താനത്തെ അനുകരിക്കുന്ന ആറ് വയസുള്ള കുട്ടിയുടെ ഒരു ഡബ്സ്മാഷ് ഇന്ന് കണ്ടു. അത് കണ്ടപ്പോഴാണ് ഇക്കാര്യം പറയണമെന്ന് തോന്നിയതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിച്ച് മതിയായില്ലേ? ആദ്യമൊരു തമാശയായ വിനോദമായിരുന്നു, എല്ലാവരുമൊന്ന് ചിരിച്ചു. ഇപ്പോഴത് അതിരുവിട്ട പരിഹാസമായി. അവഹേളനമായിത്തുടങ്ങി. മതി നിര്‍ത്തൂ..അവര്‍ക്കുമുണ്ട് മാനവും അഭിമാനവും..ആ വീഡിയോയില്‍ അവര്‍ മോശമായി എന്താണ് പറഞ്ഞത്?ചിലരുടെ സംസാരരീതി അങ്ങനെയാവാം..ചെറിയ ചെറിയ കുട്ടികള്‍ പോലും അവരെ അവഹേളിക്കുന്നു. മാതാപിതാക്കള്‍ ചെയ്യിക്കുന്നു..എനിക്കവരെ യാതൊരു പരിചയവുമില്ല. എങ്കിലും അതിരു വിട്ട ഈ പരിഹാസത്തില്‍ അവര്‍ വേദനിക്കുന്നത് ഞാന്‍ മനസിലാക്കുന്നു. പൊതു പരിപാടികളില്‍ പോലും പങ്കെടുക്കാത്ത ഒരു സ്ത്രീക്ക് ഇതങ്ങനെ സ്‌പോട്ടീവായി എടുക്കാന്‍ സാധിക്കണമെന്നില്ല. അമിതമായാല്‍ അമൃതും വിഷമാണ്.. നിങ്ങളുടെ തമാശ അവര്‍ക്ക് വേദനയാണ് എന്ന് കൂടി ഓര്‍ക്കണം…ഇന്നൊരു ആറു വയസ്സുളള കുട്ടിയുടെ ഡബ്‌സ്മാഷ് കണ്ടപ്പോഴിത് പറയണമെന്ന് തോന്നി..

 

Related posts