ലക്ഷങ്ങള്‍ വിലയുള്ള ടിപ്പറുകള്‍ വെള്ളം കയറി നശിച്ചിട്ടും മനുഷത്വം കൈവിടാതെ പാലാത്ര കണ്‍സ്ട്രഷന്‍സും മറ്റു ടിപ്പര്‍ ഉടമകളും, ഓരോ ദിവസവും രക്ഷിച്ചത് ആയിരത്തിലധികം പേരെ, നല്കാം ബിഗ് സല്യൂട്ട്

കുത്തൊഴുക്കിലെ അപകട ഭീഷണിയും ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ക്കു വെള്ളം കയറി നേരിടാവുന്ന നാശനഷ്ടവും വകവയ്ക്കാതെ കുട്ടനാട്ടുകാരുടെ ജീവന്‍ രക്ഷിക്കാന്‍ വലിയ ടിപ്പറുകളുമായി ഇറങ്ങിയ ഉടമകള്‍ക്കു നാടിന്റെ ബിഗ് സല്യൂട്ട്. വിശ്രമമില്ലാതെയാണ് ചങ്ങനാശേരിയില്‍ ടിപ്പറുകള്‍ നാലഞ്ചു ദിവസം എസി റോഡിലെ വെള്ളത്തിലൂടെ കുതിച്ചത്. തുരുത്തി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാലാത്ര കണ്‍സ്ട്രക്ഷന്‍സ് ഉടമകളാണ് പ്രധാനമായും ടിപ്പറുകള്‍ വിട്ടുനല്‍കിയത്.

ചങ്ങനാശേരി അതിരൂപത നേതൃത്വത്തിന്റെയും സംഘടനകളുടെയും അഭ്യര്‍ഥന സ്വീകരിച്ചാണ് ഇവര്‍ വിശ്രമമില്ലാതെ ടിപ്പറുകളുമായി രംഗത്തിറങ്ങിയത്. പാലാത്ര കണ്‍സ്ട്രഷന്‍സ് ഉടമകളായ ഷാജി, ഷിബു, സോണി, പ്രിന്‍സ്, ചാള്‍സ്, മനോജ്, മോന്‍ എന്നീ സഹോദരന്മാരാണു വലിയ ടിപ്പറുകള്‍ (ടോറസുകള്‍) വിട്ടുനല്‍കി സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ ആയിരക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചത്.

കിടങ്ങറ, രാമങ്കരി ഭാഗങ്ങളില്‍നിന്നു വെള്ളത്തില്‍ മുങ്ങിയ എസി റോഡിലൂടെ പാലാത്ര കണ്‍സ്ട്രക്ഷന്‍സിന്റെ 33 വലിയ ടിപ്പറുകളാണ് നാലു ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനംകൊണ്ട് പതിനയ്യായിരത്തിലധികം കുട്ടനാട്ടുകാരെ ചങ്ങനാശേരിയിലെത്തിച്ചത്. ഈ ടിപ്പറുകള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ നിരവധി വാഹനങ്ങള്‍ക്കും ബോട്ടുകള്‍ക്കും പാലാത്ര കണ്‍സ്ട്രക്ഷന്‍സിന്റെ ഉടമസ്ഥതയിലുള്ള പാലാത്ര ഫ്യൂവല്‍സില്‍നിന്ന് 25,000 ലിറ്റര്‍ ഡീസലും ഇവര്‍ സൗജന്യമായി നല്‍കി.

ഓവേലിയും മയില്‍പ്പീലിയും

പാലാത്ര കണ്‍സ്ട്രക്ഷന്‍സിനൊപ്പം കുറുന്പനാടം കേന്ദ്രമാക്കിയുള്ള ഷാജന്‍ ഓവേലിയുടെ നേതൃത്വത്തിലുള്ള ഓവേലി കണ്‍സ്ട്രക്ഷന്‍സിന്റെ രണ്ടും കാഞ്ഞിരപ്പള്ളിയിലുള്ള മയില്‍പ്പീലി കണ്‍സ്ട്രക്ഷന്‍സിന്റെ രണ്ടും വലിയ ടിപ്പറുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഒരു ടിപ്പറില്‍ ഇരുനൂറുപേരെ വരെ കയറ്റി ദിനംപ്രതി 150 ട്രിപ്പുകള്‍വരെയാണ് നടത്തിയത്. രാവിലെ ആറു മുതല്‍ രാത്രി 11 വരെയുള്ള സമയത്തായിരുന്നു ഈ കൂറ്റന്‍ വാഹനങ്ങളിലെ രക്ഷാപ്രവര്‍ത്തനം. അപകട ഭീഷണികളെ അതിസാഹസികതയോടെ നേരിട്ടാണു വിവിധ കമ്പനികളിലെ ഡ്രൈവര്‍മാരും ജീവനക്കാരും വിലിയ ടിപ്പറുകള്‍ ഓടിച്ചതെന്നു പാലാത്ര കണ്‍സ്ട്രക്ഷന്‍സ് ഉടമ ഷിബു പറഞ്ഞു.

വെള്ളം കയറി നാശം

രക്ഷാപ്രവര്‍ത്തനത്തിനു പോയ 37 ടിപ്പറുകളുടെയും എന്‍ജിനുകളില്‍ വെള്ളം കയറിയതുമൂലം വന്‍ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. ഈ ടിപ്പര്‍ എന്‍ജിനുകള്‍ സര്‍വീസ് നടത്തി ഓയില്‍ മാറുന്നതടക്കം അറ്റകുറ്റപ്പണികള്‍ക്ക് ഏഴര ലക്ഷത്തോളം രൂപ ചെലവാകും. ഭാരത് ബെന്‍സ് കമ്പനി ഇതിന്റെ പകുതി തുക കുറച്ചു നല്‍കാമെന്നാണ് സമ്മതിച്ചിരിക്കുന്നതെന്നും ഷിബു പറഞ്ഞു. തുരുത്തിയിലുള്ള ഓഫീസ് പരിസരത്തുവച്ച് എന്‍ജിനുകളില്‍ അത്യാവശ്യ സര്‍വീസ് നടത്തി കോട്ടയത്തുള്ള കന്പനി ഗാരേജിലെത്തിച്ചു ബാക്കി അറ്റകുറ്റപ്പണികള്‍ ചെയ്തു നല്‍കാനും കന്പനി നടപടി ആരംഭിച്ചിട്ടുണ്ട്.

പ്രത്യേക ഉത്തരവ്

കോട്ടയം ജില്ലാ കളക്ടര്‍ ബി.എസ്.തിരുമേനി ഇടപെട്ടു പ്രത്യേക ഉത്തരവിറക്കിയാണു ചരക്കു വാഹനങ്ങളില്‍ ആളെക്കയറ്റിയുള്ള രക്ഷാപ്രവര്‍ത്തന നിരോധനം പരിഹരിച്ചത്. റേഡിയോ മീഡിയാ വില്ലേജ് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശേരി, സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ.അലക്‌സ് പ്രായിക്കളം എന്നിവരുടെ നേതൃത്വവും വലിയ ടിപ്പറുകളിലെ രക്ഷാപ്രവര്‍ത്തനത്തിനു നിര്‍ലോഭ പിന്തുണയായി. ടോറസുകളില്‍ ആളെ കയറ്റിയിറക്കാന്‍ വിവിധ സാമുദായിക, രാഷ്ട്രീയ, സന്നദ്ധ സംഘടകളുടെ സഹായവും ശ്രദ്ധേയമായിരുന്നു. ലക്ഷക്കണക്കിനു രൂപയുടെ നിസ്വാര്‍ഥ സേവനം നടത്തിയവരുടെ ടിപ്പറുകള്‍ക്കുണ്ടായ നഷ്ടം തങ്ങളെ വേദനിപ്പിക്കുന്നുവെന്നും ഇതു സര്‍ക്കാര്‍ പരിഹരിച്ചു നല്‍കുമെന്നാണ് പ്രതീക്ഷയെന്നും രക്ഷപ്പെട്ടു ക്യാമ്പില്‍ കഴിയുന്നവരില്‍ ചിലര്‍ പറഞ്ഞു.

Related posts