മാവോയിസ്റ്റ് വേട്ട; സിപിഎം-സിപിഐ പോര് മുറുകുന്നു; ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് വലതുപക്ഷ സ്വഭാവം കാണിക്കരുതെന്ന് ബിനോയ് വിശ്വം

ktm-binoyകോഴിക്കോട്: മാവോയിസ്റ്റ് വേട്ടയെ തുടര്‍ന്ന് ഭരണപക്ഷത്തെ പ്രധാന പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന് അടുത്ത ദിവസം തന്നെ സിപിഐ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു തുടങ്ങിയിരുന്നു. സംഭവത്തിനെതിരെ സിപിഐ സംസ്ഥാ സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചപ്പോള്‍ സിപിഐ മുഖപത്രം മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ ലേഖനവും എഴുതി. ഏറ്റവുമൊടുവില്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയി വിശ്വം കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനും എത്തിയിരുന്നു. പാര്‍ട്ടി തീരുമാന പ്രകാരമാണ് താന്‍ എത്തിയതെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ പോലീസ് വലതുപക്ഷ സ്വഭാവം കാണിക്കരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇടതുപക്ഷം ഭരിക്കുമ്പോള്‍ പോലീസിന്റെ ഗതി നിര്‍ണയിക്കേണ്ടത് സംഘപരിവാര്‍ അല്ലെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചിരുന്നു. എന്നാല്‍ ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തോട് പരസ്യമായി പ്രതികരിക്കാനില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ “രാഷ്ട്രദീപിക’യോട് പറഞ്ഞു. 12ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നുണ്ടെന്നും അന്ന് വിഷയം അവതരിപ്പിക്കുകയാണെങ്കില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സര്‍ക്കാരിനെ ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സിപിഐ സമീപനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമാണുള്ളത്. സര്‍ക്കാരിനെ താറടിച്ചു കാണിക്കാന്‍ ഇടതുപക്ഷത്തെ രണ്ടാം കക്ഷിയായ സിപിഐ ശ്രമിക്കുന്നുവെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. സിപിഎം അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തില്‍ ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ പ്രചാരണം നടത്തുമ്പോള്‍ സിപിഐയുടെ ഇത്തരം പ്രതികരണങ്ങള്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാകുമെന്നും സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍ വിഷയത്തില്‍ സിപിഎം ഇതുവരെ കാര്യമായ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ ,വിഷയം പുകഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ മിക്ക സ്ഥലങ്ങളിലും എല്‍ഡിഎഫ് നടത്തുന്ന പരിപാടികളില്‍നിന്ന്  തങ്ങളെ ഒഴിവാക്കുന്ന നടപടി സിപിഎം തുടങ്ങിയതായി സിപിഐ പ്രവര്‍ത്തകര്‍ പറയുന്നു. എല്‍ഡിഎഫില്‍ മവോയിസ്റ്റ് വിഷയം നീറിപ്പുകയുമ്പോള്‍ ഭരണപക്ഷത്തുള്ള പ്രതിസന്ധി രൂക്ഷമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Related posts